‘വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് ബ്ലാക്ക് കോമഡി’; മറുപടിയുമായി സ്റ്റാലിൻ
പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം


ചെന്നൈ: ഭാഷാ തർക്കത്തിലും ലോക്സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക് കോമഡിയുമാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.
‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.
ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല - ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക് കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്’ -സ്റ്റാലിൻ ‘എക്സി’ൽ കുറിച്ചു.
തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.