പൊലീസിനെ കണ്ട് പേടിച്ചോടിയോ?- ട്രോളുകള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ തട്ടിമാറ്റി ഓടുന്ന ബി.വി ശ്രീനിവാസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Update: 2022-06-14 05:25 GMT
Advertising

ഡല്‍ഹി: പൊലീസിനെ കണ്ടതും കാറില്‍ നിന്ന് ഇറങ്ങിയോടിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കൈ തട്ടിമാറ്റി ഓടുന്ന ശ്രീനിവാസിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയാണ് വി.ബി ശ്രീനിവാസ്.

താൻ അറസ്റ്റിന് വഴങ്ങാതെ ഓടിപ്പോയത് ഇ.ഡി ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാനാണെന്ന് ശ്രീനിവാസ് ദൃശ്യം പങ്കുവെച്ച് വ്യക്തമാക്കി. ദൃശ്യത്തില്‍ കാണുന്നത് പൊലീസുകാരാല്‍ വളയപ്പെട്ട ശ്രീനിവാസിനെയാണ്. പൊലീസ് സംഘം ശ്രീനിവാസിനെ ബലപ്രയോഗത്തിലൂടെ തള്ളി താഴെയിടുന്നത് കാണാം. പിന്നീട് ശ്രീനിവാസിനെ എടുത്തുയര്‍ത്തിയാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.

"ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ അവർ നിങ്ങളെ നോക്കി പരിഹസിക്കും, പിന്നെ അവർ നിങ്ങളോട് പോരാടും, പിന്നെ നിങ്ങൾ വിജയിക്കും" - എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ശ്രീനിവാസ് നടന്നത് എന്താണെന്ന് ദൃശ്യം സഹിതം വ്യക്തമാക്കിയത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പോയത് നൂറു കണക്കിന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ്. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഇ.ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് രാഹുലിനെ അനുഗമിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

ഡല്‍ഹി പൊലീസിന്‍റെ കയ്യേറ്റത്തിനിടെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണു. പി ചിദംബരത്തിന്‍റെ വാരിയെല്ലിന് പരിക്കേറ്റു. രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യും.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News