ആന്ധ്രയിൽ ജഗനും നായിഡുവും നേർക്കുനേർ; വൈഎസ്ആർ കോൺഗ്രസ് ഓഫീസ് ഇടിച്ചുനിരത്തി

ശനിയാഴ്ച രാവിലെ അഞ്ചരയ്ക്ക് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ആസ്ഥാനം ഇടിച്ചുനിരത്തിയത്.

Update: 2024-06-22 07:42 GMT
Editor : abs | By : Web Desk

അമരാവതി: തെലുങ്കുദേശം പാർട്ടി (ടിഡിപി) സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഗുണ്ടൂരിലെ വൈഎസ്ആർ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ആസ്ഥാനം ഇടിച്ചുനിരത്തി  ചന്ദ്രബാബു നായിഡു സർക്കാർ. ചട്ടലംഘനമുണ്ടെന്ന് ആരോപിച്ചാണ് കെട്ടിടം പൊളിച്ചു നീക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ആസ്ഥാനം ഇടിച്ചുനിരത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി.

കെട്ടിടം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് സംസ്ഥാന സർക്കാർ നടപടി. ടിഡിപി സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. 

Advertising
Advertising



സ്വേച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രവർത്തിക്കുന്നതെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢി കുറ്റപ്പെടുത്തി. 'പ്രതികാര രാഷ്ട്രീയത്തിന്റെ അടുത്തഘട്ടം കളിക്കുകയാണ് ചന്ദ്രബാബു. ബുൾഡോസറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് വൈഎസ്ആർപിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് അദ്ദേഹം സ്വേച്ഛാധിപതിയെ പോലെ തകർത്തു. ഹൈക്കോടതി ഉത്തരവു പോലും പരിഗണിച്ചില്ല. ജനങ്ങൾക്കു വേണ്ടി പൊരുതി തിരിച്ചുവരും.' - അദ്ദേഹം എക്‌സിൽ കുറിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ പോരിൽ 175 സീറ്റിൽ 134ലും വിജയിച്ചാണ് ചന്ദ്രബാബു നായിഡു അധികാരമേറിയത്. നാലാം തവണയാണ് നായിഡു സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News