'എ.ഐ വേണ്ട, ഭക്ഷണങ്ങളുടെ യഥാർഥ ചിത്രം മതി': ഹോട്ടലുകളോട് സൊമാറ്റോ

എ.ഐ ചിത്രങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

Update: 2024-08-19 06:43 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ചിത്രങ്ങള്‍ക്ക് വിലക്കുമായി ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറിങ് പ്ലാറ്റ്ഫോമായ സൊമാറ്റോ.

എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു. ഇത്തരം ചിത്രങ്ങള്‍ റെസ്റ്റോറൻ്റുകളിലുളള ഉപഭോക്താക്കളുടെ വിശ്യാസ്യത ഇല്ലാതാക്കുന്നതായും ഗോയല്‍ പറഞ്ഞു. 

തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി, എ.ഐയുടെ വിവിധ രൂപങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍ വിഭവങ്ങളുടേതെന്ന പേരില്‍ കൊടുക്കുന്ന ചിത്രങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ്യത ഇടിയാനും റീഫണ്ടുകള്‍ ആവശ്യപ്പെടുന്നത് വര്‍ധിക്കുമെന്നും ഗോയല്‍ പറഞ്ഞു. 

Advertising
Advertising

'ഇനി മുതല്‍ റെസ്റ്റോറന്റ് മെനുകളിലെ ഡിഷ് ഇമേജുകള്‍ക്കായി എ.ഐ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളോട് അഭ്യര്‍ഥിക്കുന്നു, പ്ലാറ്റ്‌ഫോം ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ കാര്യമായിട്ട് തന്നെ നീക്കം ചെയ്ത് തുടങ്ങുമെന്നും' ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഓഹരി വിപണിയിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓഗസ്റ്റ് 16 ന് കമ്പനിയുടെ ഓഹരികൾ 1.77 ശതമാനം അതായത് 4.61 പോയിന്റ് ഉയർന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 112.65 ശതമാനം റിട്ടേൺ നൽകി, മികച്ച പ്രകടനം കാഴ്ചവെച്ച് നില്‍ക്കുകയാണ് കമ്പനി.

'ഗ്രൂപ്പ് ഓര്‍ഡറിംഗ്' എന്നൊരു പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസം സൊമാറ്റോ അവതരിപ്പിച്ചിരുന്നു. ഒന്നിലധികം പേര്‍ക്കോ ഒരു പാര്‍ട്ടിക്കോ പിറന്നാളാഘോഷത്തിനോ മറ്റോ ഏറെ വിഭവങ്ങള്‍ ഓര്‍‍ഡര്‍ ചെയ്യേണ്ടിവന്നാല്‍ ഈ സംവിധാനം ഉപയോഗിക്കാം. ഓര്‍ഡര്‍ ചെയ്യുന്നയാള്‍ ലിങ്ക്, ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കൈമാറുന്ന സംവിധാനമാണിത്.  ഓരോരുത്തര്‍ക്കും ആ ലിങ്കില്‍ കയറി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവം കാര്‍ട്ടിലേക്ക് ആഡ് ചെയ്യാനാകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News