പൊലീസ് കോൺസ്റ്റബിളിന്റെ വാഹനമിടിച്ചു മരിച്ച ഡെലിവറി ജീവനക്കാരന് പത്തുലക്ഷം പ്രഖ്യാപിച്ച് സൊമാറ്റോ
ശനിയാഴ്ച രാത്രിയാണ് രോഹിണിക്ക് സമീപം ഡൽഹി പൊലീസ് കോൺസ്റ്റബിൾ ഓടിച്ച കാറിടിച്ച് 38കാരന്‍ മരിച്ചത്. മദ്യലഹരിയിൽ അമിതവേഗതയിലാണ് പൊലീസുകാരൻ വാഹനമോടിച്ചതെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്
മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് മരിച്ച ഡെലിവറി ജീവനക്കാരന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സൊമാറ്റോ. കമ്പനി സ്ഥാപകൻ ദീപിന്ദർ ഗോയലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. നിർഭാഗ്യകരമായ ഒരു റോഡപകടത്തിൽ ഡെലിവറി പങ്കാളി സലിൽ ത്രിപാഠിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അതീവ ദുഃഖിതരാണ് തങ്ങളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഗോയൽ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രോഹിണിക്ക് സമീപം ഡൽഹി പൊലീസ് കോൺസ്റ്റബിൾ മഹേന്ദ്ര ഓടിച്ച കാറിടിച്ച് 38കാരനായ സലിൽ മരിച്ചത്. മദ്യലഹരിയിൽ അമിതവേഗതയിലാണ് പൊലീസുകാരൻ വാഹനമോടിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അമ്മയും ഭാര്യയും പത്ത് വയസ്സുള്ള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു യുവാവ്. സലിൽ ത്രിപാഠി എന്നയാൾ കൊല്ലപ്പെട്ടത്. വായുവിൽ ഉയർന്ന് നിലത്തുവീണ സലിലിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അപകടം നടന്നതു മുതൽ സൊമാറ്റോ വൃത്തങ്ങൾ ആശുപത്രിയിൽ കുടുംബത്തോടൊപ്പമുണ്ടായിരുന്നെന്നും പത്തുലക്ഷം ഇൻഷുറൻസ് അനുവദിച്ചിട്ടുണ്ടെന്നും ദീപിന്ദർ ഗോയൽ ട്വീറ്റ് ചെയ്തു. സലിലിന്റെ ഭാര്യ സുചേതയ്ക്ക് കമ്പനിയിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഭർത്താവിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സുചേന സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.
We are deeply aggrieved by the death of our delivery partner Salil Tripathi in an unfortunate road incident. We are extending all possible support to help the family get through this – pic.twitter.com/yJOUDsPpet
— Deepinder Goyal (@deepigoyal) January 13, 2022
ഡൽഹി ഹഡ്സൻ ലെയ്നിലെ റിക്കോസിൽ റസ്റ്റോറന്റ് മാനേജറായിരുന്ന സലിൽ ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെയാണ് സൊമാറ്റോ ഡെലിവറി ജോലി എടുത്തിരുന്നത്. ഒരു ഓർഡർ ഡെലിവറി ചെയ്യാൻ പോവുന്നതിനിടെയാണ് ബിഎസ്എ ഹോസ്പിറ്റിലിനു സമീപം അപകടത്തിൽപ്പെട്ടത്. ബൈക്കിലിടിച്ച എസ്‌യുവി ഡൽഹി കോർപറേഷന്റെ ബസ്സിലും ഇടിച്ച ശേഷമാണ് നിന്നത്.
ഉത്തർപ്രദേശിലെ അയോധ്യ സ്വദേശിയായ ത്രിപാഠി ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയാണ്. വിവിധ സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം പിന്നീട് ഡൽഹി ഹൃദയമധ്യത്തിലെ 'റിക്കോസി'ൽ റസ്റ്റോറന്റ് മാനേജർ ആയി ജോലി ലഭിച്ചതോടെ കുടുംബസമേതം ഡൽഹിയിലേക്കു താമസം മാറുകയായിരുന്നു. ഇിനിടെയാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. 2020ൽ ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ റസ്റ്റോറന്റ് അടച്ചിടുകയും ജോലി നഷ്ടമാവുകയും ചെയ്തു.
Summary: Zomato grants 10 Lakhs For Killed Delivery Man's Family