രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നോൺ-വെജ് വിതരണം നിർത്തിവച്ച്‌ സൊമാറ്റോ; വിശദീകരണം

നോൺ-വെജ് ഭക്ഷണ ഇനങ്ങൾ വിതരണം ചെയ്യാത്തതിന് സൊമാറ്റോ വിശദീകരണവും നൽകിയിട്ടുണ്ട്

Update: 2024-01-23 04:46 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നോൺ-വെജ് വിഭവങ്ങളുടെ വിതരണം നിർത്തിയതിൽ വിശദീകരണവുമായി സൊമാറ്റോ. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ഉത്തരവിനെ തുടർന്നാണ് നോൺ-വെജ് വിതരണം നിർത്തിവച്ചതെന്നാണു വിശദീകരണം. ഉത്തർപ്രദേശ്, അസം, ചത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിൽ നോൺ വെജ് വിതരണം നിർത്തിയത്.

ഒരു 'എക്‌സ്' യൂസറുടെ പോസ്റ്റിനു മറുപടിയായായിരുന്നു സൊമാറ്റോ കസ്റ്റമർ കെയർ വിഭാഗത്തിന്റെ വിശദീകരണം വന്നത്. ഭോപ്പാലിൽ സൊമാറ്റോ ഇന്ന് ചിക്കൻ നൽകുന്നില്ലെന്നും ഇന്ന് മാംസവിഭവങ്ങൾ വിതരണം ചെയ്യേണ്ടതില്ലെന്ന് കമ്പനിയുടെ തീരുമാനമുണ്ടാകുമെന്നുമായിരുന്നു യൂസറുടെ പോസ്റ്റ്. ഇതിനു സൊമാറ്റോ കെയർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:

''ഉത്തർപ്രദേശ്, അസം, ചത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സർക്കാർ ഉത്തരവ് പ്രകാരമാണ് ഞങ്ങൾ നോൺ-വെജ് ഇനങ്ങളുടെ വിതരണം നിർത്തിയത്. ഈ വിശദീകരണം തൃപ്തികരമാണെന്നു പ്രതീക്ഷിക്കുന്നു.''

അതേസമയം, ചത്തിസ്ഗഢിൽ സ്വിഗ്ഗി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ചിക്കൻ ബിരിയാണി ലഭ്യമായിരുന്നുവെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. താൻ ചിക്കൻ കഴിക്കാറില്ലെങ്കിലും ഏത് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സംഘ്പരിവാർ പ്രത്യയശാസ്ത്രത്തോടൊപ്പം നിൽക്കുന്നത് എന്ന് എല്ലാവർക്കും മനസിലാക്കാം എന്നു പറഞ്ഞ് സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു ഇവരുടെ എക്‌സ് പോസ്റ്റ്. എന്നാൽ, സ്വിഗ്ഗിയിൽ ഓർഡർ ചെയ്തിരുന്നെങ്കിലും നോൺ-വെജ് ഇനങ്ങൾ ലഭ്യമല്ലെന്ന് പിന്നീട് ഡെലിവറി ബോയ് വിളിച്ചറിയിച്ചെന്ന് മറ്റൊരാൾ പ്രതികരിച്ചു.

അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന ദിവസം ഉത്തർപ്രദേശിൽ റെസ്റ്ററന്റുകളിൽ വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമേ വിതരണം ചെയ്യൂവെന്ന് പ്രഖ്യപനമുണ്ടായിരുന്നു. നാഷനൽ റെസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് വരുൺ ഖേരയാണ് ഇക്കാര്യം അറിയിച്ചത്.

അയോധ്യയിൽ നടക്കുന്ന ചടങ്ങിനെ പരിഗണിച്ചും സർക്കാർ ഉത്തരവ് മാനിച്ചുമാണ് നടപടിയെന്നായിരുന്നു ഇദ്ദേഹം വിശദീകരിച്ചത്. ജനുവരി 22ന് സംസ്ഥാനത്ത് മാംസ-മദ്യ ഷോപ്പുകൾ അടച്ചിടാൻ യു.പി ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര ഉത്തരവിട്ടിരുന്നു. മാംസ, കശാപ്പുശാലകൾ അടച്ചിടാൻ നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയും ഉത്തരവിട്ടിരുന്നു.

Summary: ''We have disabled delivery of non-veg items in Uttar Pradesh, Assam, ⁠Chhattisgarh, Madhya Pradesh and Rajasthan as per govt. notice'': Zomato care clarifies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News