156 കിറ്റെക്സ് തൊഴിലാളികള്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍
പ്രതികൾ സ്റ്റേഷൻ ജീപ്പിൻറെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജൻറെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കമ്പലത്ത് പൊലീസിനെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച കേസില്‍ 156 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്. പൊലീസിനെ ആക്രമിച്ചത് കിറ്റെക്സിലെ ഇരുനൂറിലധികം അതിഥി തൊഴിലാളികൾ ചേർന്നെന്നാണ് എഫ് ഐ ആർ. 11 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ ചുമത്തിയത്.
പ്രതികൾ സ്റ്റേഷൻ ജീപ്പിന്‍റെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജന്‍റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സർക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
അതേസമയം കിറ്റെക്സ് മാനേജ്മെന്‍റും ഇതരസംസ്ഥാന തൊഴിലാളികളും തമ്മിൽ പ്രശ്നങ്ങൾ പതിവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ഒക്ടോബർ 30നും കിറ്റെക്സ് ലിമിറ്റഡിൽ സംഘർഷമുണ്ടായി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തി പൂട്ടിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാർക്ക് നേരെയും മാനേജ്മെന്റ് പ്രതിനിധികൾ ആക്രോശിക്കുന്നുണ്ട്. തൊഴിലാളി പ്രതിഷേധം മാനേജ്മെന്‍റ് മറച്ചുവെക്കുന്നതായാണ് ഇവിടെ നിന്നുയരുന്ന പ്രധാന ആക്ഷേപം.
കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രി സംഭവിച്ചത്...
ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്.പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്