ഫാമിലെ 200ലധികം കോഴികളെ കടിച്ചുകൊന്നു; മണ്ണാർക്കാട് പുലി ഭീതിയിൽ
കഴിഞ്ഞദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ കണ്ടത്
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്തുകാർ വീണ്ടും പുലി പേടിയിൽ. കോഴിഫാമിലെ ഇരുനൂറിലധികം കോഴികളെയാണ് പുലി കടിച്ചുകൊന്നത്. വനംവകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രിയിലാണ് തത്തേങ്ങലത്ത് പുലിയെ കണ്ടത്. പുലർച്ചെ നാലുമണിയോടെ ശബ്ദം കേട്ട്‌നോക്കുമ്പോൾ കോഴി ഫാമിൽ പുലിയെ കണ്ടുവെന്ന് ഫാം ഉടുമ സമദ് പറഞ്ഞു.
പുലിയെ നേരിൽ കണ്ടതായി പ്രദേശവാസിയായ സുധിയും പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈറിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. കോഴികളെ കടിച്ചുകൊന്നത് കാട്ടുപൂച്ചയാന്നെന്ന് വനംവകുപ്പുദ്യോഗസ്ഥർ സംശയിക്കുന്നു. എന്നാൽ ഈ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് വനവകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്.
പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നിർദേശം നൽകി. കൂട് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.