ഈ തെരഞ്ഞെടുപ്പിലും നാമമാത്രമായി സ്ത്രീ സാന്നിധ്യം
ഇതുവരെ തീരുമാനമായ മണ്ഡലങ്ങളില്‍ വനിതകളുടെ പേരുകള്‍ ചുരുക്കമാണ്
ഇരുമുന്നണികളും ബിജെപിയും അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചില്ലെങ്കിലും പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ഈ തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളുടേതായി ഇരുപതില്‍ താഴെ സ്ത്രീകള്‍ മാത്രമേ മത്സര രംഗത്തുണ്ടാകൂ.
ഓരോ തെരഞ്ഞെടുപ്പിലും വനിതാ പ്രാതിനിധ്യം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ചര്‍ച്ചകളിലും പ്രഖ്യാപനത്തിലും മാത്രം ഒതുങ്ങുന്നുവെന്നാണ് ഒരു തെരഞ്ഞെടുപ്പിലേക്ക് കൂടി കേരളം എത്തുമ്പോള്‍ പാര്‍ട്ടികളും മുന്നണികളും നല്‍കുന്ന സന്ദേശം. പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും വനിതകളുടെ പ്രാതിനിധ്യം തുലോം ചുരുക്കമാണ്. പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കിയാല്‍ വനിതാ പ്രാതിനിധ്യം കൂടുതല്‍ സിപിഎം പട്ടികയിലാകാനാണ് സാധ്യത. ടി എന്‍ സീമ, കെ കെ ഷൈലജ, കെ കെ ലതിക, സുബൈദ ഇസ്ഹാഖ്, കെ എസ് സലീഖ, പി കെ സൈനബ, തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. സിപിഎം മത്സരിക്കുന്ന തൊണ്ണൂറിലേറെ മണ്ഡലങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീ പ്രാതിനിധ്യമുള്ളത്. എല്‍ഡിഎഫിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐ 27 മണ്ഡലങ്ങലില്‍ മത്സരിക്കുമ്പോള്‍ നാലില്‍ താഴെ മണ്ഡലങ്ങളില്‍ മാത്രമാണ് സ്ത്രീ സാന്നിധ്യമുള്ളത്. ജനതാദള്‍ എസ് ജമീലാ പ്രകാശത്തെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിയാക്കിയേക്കും. മറ്റ് ഘടകക്ഷികളില്‍ പേരിന് പോലും സ്ത്രീ പ്രാതിനിധ്യമില്ല. ജയിക്കുന്ന പതിനാല് സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ 84 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പത്തില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് വനിതകളെ പരിഗണിക്കുന്നത്.
പി കെ ജയലക്ഷ്മി, ഷാനി മോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ, ലാലി വിന്‍സന്റ്, ലതികാ സുഭാഷ്, തുടങ്ങിയവരുടെ പേരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. രണ്ടാമത്തെ വലിയ കക്ഷിയായ ലീഗ് പതിവ് പോലെ സ്ത്രീകളെ അവഗണിച്ചു. 24 സീറ്റുകളില്‍ ഒരിടത്തുപോലും സ്തീകളില്ല. മറ്റ് ഘടകക്ഷികളുടെ അവസ്ഥയും സമാനമാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റേതും സമാന ലിസ്റ്റാകാനാണ് സാധ്യത. ബിജെപിയുടെ 22 പേരുടെ ആദ്യഘട്ട പട്ടികയില്‍ ഒരു വനിത മാത്രമാണുള്ളത്. പാലക്കാട് മത്സരിക്കുന്ന ശോഭാ സുരേന്ദ്രനാണ് ബിജെപി പട്ടികയിലെ ഏക വനിതാ സാന്നിധ്യം. അന്തിമ പട്ടിക വരുമ്പോഴും സ്ത്രീ പ്രാതിധിന്യം കുറയാന്‍ തന്നെയാണ് സാധ്യത . തെരഞ്ഞെടുപ്പിലെയും നിയമസഭയിലെയും സ്ത്രീ പ്രാതിനിധ്യം വിരലിലെണ്ണാവുന്നത്രയേ ഉണ്ടാകൂ.