പ്രവര്‍ത്തകര്‍ക്ക് ആവേശമായി മുഖ്യമന്ത്രി കാസര്‍കോട്
കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടം ചെയ്തു
കാസര്‍കോട് ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ഇത്തവണ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടം ചെയ്തു. രാവിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചിറ്റാരിക്കലിലായിരുന്നു ആദ്യ പരിപാടി. തുടര്‍ന്ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചുള്ളിക്കരയിലും ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിലും നടന്ന പൊതു സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. കാസര്‍കോട് മണ്ഡലത്തില്‍ നുള്ളിപ്പാടിയിലും മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പളയിലുമാണ് പൊതുസമ്മേളനങ്ങള്‍ നടന്നത്. കടുത്ത ചൂടിനെ അവഗണിച്ച് നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ബിജെപിയെയും ഇടതുപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗം.
ഇത്തവണ ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ ഇറക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. ഉദുമയില്‍ കെ സുധാകരനും തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനും രംഗത്തെത്തിയതോടെ മത്സരത്തിന് വാശിയേറും.