രണ്ടാം അങ്കത്തിനിറങ്ങി ജയലക്ഷ്മി
ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെ ഏക വനിതാ മന്ത്രിയായ പി.കെ. ജയലക്ഷ്മി മത്സരിയ്ക്കുന്ന മണ്ഡലമാണ്, വയനാട്ടിലെ മാനന്തവാടി മണ്ഡലം.
ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലെ ഏക വനിതാ മന്ത്രിയായ പി.കെ. ജയലക്ഷ്മി മത്സരിയ്ക്കുന്ന മണ്ഡലമാണ്, വയനാട്ടിലെ മാനന്തവാടി മണ്ഡലം. അതുകൊണ്ടുതന്നെ ഒരു വിഐപി പരിവേഷമുണ്ട്, വയനാട്ടിലെ ഈ സംവരണ മണ്ഡലത്തിന്. എല്‍ഡിഎഫില്‍ സിപിഎമ്മാണ് മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത്. ബിജെപിയും സജ്ജീവമായി രംഗത്തുണ്ട്.
പി.കെ. ജയലക്ഷ്മിയെന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ മന്ത്രിപദത്തിലേയ്ക്ക് ഉയര്‍ത്തിയ മണ്ഡലമാണ് മാനന്തവാടി. രണ്ടാം അങ്കത്തിന് ഇതേ മണ്ഡലത്തില്‍ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ജയലക്ഷ്മി പ്രതീക്ഷിയ്ക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ജയലക്ഷ്മി ജനങ്ങള്‍ക്കു മുന്‍പില്‍ വെയ്ക്കുന്നത്.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നിന്നു നേടിയ ഭരണപാടവമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന്റെ കൈമുതല്‍. ഇപ്പോള്‍ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് അംഗമാണ്. സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കുന്നതിനാല്‍, തന്നെ വലിയ ജനസമ്മതിയാണ് കേളു അവകാശപ്പെടുന്നത്. യുഡിഎഫിനെക്കാള്‍ പ്രചാരണ രംഗത്ത് എല്‍ഡിഎഫ് ഏറെ മുന്നേറി കഴിഞ്ഞു.
ഇരു മുന്നണികളുടെയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ബിജെപി സ്ഥാനാര്‍ഥി, കെ. മോഹന്‍ദാസ് പ്രചരണത്തില്‍ ഉയര്‍ത്തുന്നത്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണം പുരോഗമിയ്ക്കുന്നത്.
യുഡിഎഫിന്റെ പരന്പരാഗത കോട്ടയില്‍ ഇക്കുറി വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നേടിയ മേല്‍ക്കൈ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നു. എന്നാല്‍, മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.