സ്കൂളിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടണം, ഹോസ്റ്റല്‍ സൌകര്യമില്ല: ആദിവാസികുട്ടികള്‍ പഠനം നിര്‍ത്തുന്നു
മലപ്പുറം നിലമ്പൂരിലെ ഉള്‍വനത്തില്‍ താസിക്കുന്ന ആദിവാസികുട്ടികളാണ് പത്താംക്ലാസിന് ശേഷം പഠനം നിര്‍ത്തുന്നത്
സ്കൂളില്‍ പോകാന്‍ പണം ഇല്ലാത്തതിനാല്‍ ആദിവാസി വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തുന്നു. മലപ്പുറം നിലമ്പൂരിലെ ഉള്‍വനത്തില്‍ താസിക്കുന്ന ആദിവാസികുട്ടികളാണ് പത്താംക്ലാസിന് ശേഷം പഠനം നിര്‍ത്തുന്നത്. ഹോസ്റ്റല്‍ സൌകര്യം ഇല്ലെന്നുള്ളതാണ് പഠനം നിര്‍ത്താനുള്ള മറ്റൊരു കാരണം. മീഡിയവണ്‍ എക്സ്‍ക്ലുസീവ്.
മുണ്ടക്കടവ് കോളനിയിലെ പ്രീതിക്ക് ആറ് മക്കളുണ്ട്. പത്താംക്ലാസ് കഴിഞ്ഞതോടെ അഞ്ചു പേരുടെയും പഠനം നിലച്ചു. കാരണങ്ങള്‍ നിരവധി. പ്രവേശം ലഭിച്ച സ്കൂളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ഹോസ്റ്റല്‍. ക്ലാസില്‍ സമയത്ത് എത്തണമെങ്കില്‍ രാവിലത്തെ ഭക്ഷണം കഴിക്കാതെ ഇറങ്ങണം. ഇതോടെ പലരും കോളനികളിലേക്ക് മടങ്ങി.
സ്കൂള്‍ ബസില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന സ്കൂളിന്‍റെ നിബന്ധനയായിരുന്നു മറ്റൊരു പ്രതിസന്ധി. നെടുങ്കയം കോളനിയില്‍ നിന്ന് സ്വകാര്യ ബസുകള്‍ പോകുന്ന വഴിയിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ വനത്തിലൂടെ യാത്ര ചെയ്യണം. ഓട്ടോറിക്ഷക്ക് പോകണമെങ്കില്‍ ഒരു ദിവസത്തേക്ക് 250 രൂപ വേണം. സ്കൂളിനടുത്ത് ഹോസ്റ്റല്‍ ഏര്‍പ്പെടുത്തുകയാണ് പ്രതിവിധിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.