ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്ക് മര്‍ദനം
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിക്കു മര്‍ദനം. പരുക്കേറ്റ വിമത സ്ഥാനാര്‍ത്ഥി ബിനോയ് തോമസിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചെമ്പന്‍തൊട്ടിക്കടുത്ത് കരിയത്തും ചാലില്‍ വെച്ച് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനോയ് തോമസിനെ ഒരു സംഘം അക്രമിക്കുകയായിരുന്നു. പ്രചാരണ വാഹനത്തിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു ബിനോയ് തോമസ്. ഇവിടെ വെച്ചാണ് സംഘം ബിനോയിയേയും അക്രമിച്ചത്. കൂടെയുണ്ടായിരുന്ന ബേബി, ബെന്നി എന്നിവര്‍ക്കും പരുക്കേറ്റു. മൂവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ബിനോയ് ആരോപിച്ചു.
സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ബിനോയ് തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരാജയഭീതി പൂണ്ട കോണ്‍ഗ്രസ് അക്രമണം അഴിച്ചു വിടുകയാണെന്ന് ജയരാജന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.