കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയി‌ല്‍ തര്‍ക്കം മുറുകുന്നു

Update: 2017-03-14 15:28 GMT
Editor : admin
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയി‌ല്‍ തര്‍ക്കം മുറുകുന്നു

സുധീരന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഭൂരിഭാഗവും എ ഗ്രൂപ്പില്‍ നിന്നുള്ളവരായത് കൊണ്ട് ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും ശക്തമായി രംഗത്തെത്തി.

ആരോപണ വിധേയരെ മത്സരിപ്പിക്കരുതെന്ന വിഎം സുധീരന്റെ ആവശ്യമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയി‌ല്‍ തര്‍ക്കത്തിനിടയാക്കിയത്. സുധീരന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഭൂരിഭാഗവും എ ഗ്രൂപ്പില്‍ നിന്നുള്ളവരായത് കൊണ്ട് ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും ശക്തമായി രംഗത്തെത്തി.

വിഎം സുധീരന്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ആരോപണ വിധേയരും കൂടുതല്‍ തവണ മത്സരിച്ചവരുമായ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാറ്റണം. തൃപ്പൂണിത്തുറ, തൃക്കാക്കര, ഇരിക്കൂര്‍, കോന്നി, പാറശ്ശാല എന്നി മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പകരം 5 പേരുകളും സുധീരന്‍ നിര്‍ദേശിച്ചു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം എന്‍ വേണുഗോപാല്‍. തൃക്കാക്കരയില്‍ ബെന്നി ബെഹന്നാന് പകരം പിടി തോമസ്. ഇരിക്കൂറില്‍ കെസി ജോസഫിന് പകരം സതീശന്‍ പാച്ചേനി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം പി മോഹന്‍രാജ് എന്നിങ്ങനെയാണ് സുധീരന്റെ നിര്‍ദ്ദേശങ്ങള്‍. പാറശാലയില്‍ എടി ജോര്‍ജിന് പകരം രണ്ട് പേരുകളും സുധീരന്‍ നിര്‍ദേശിച്ചു. തര്‍ക്കമുള്ള അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പാനല്‍ കൈമാറണമെന്നും സുധീരന്‍ വാദിക്കുന്നു.

Advertising
Advertising

അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാദങ്ങള്‍ നിരത്തി. പ്രതിപക്ഷ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. ആരോപണത്തിന്റെ പേരില്‍ സീറ്റ് നിഷേധിക്കുന്നത് ആരോപണം ശരിവെയ്ക്കുന്നതിന് തുല്യമാകും. തുടര്‍ച്ചയായി ജയിക്കുന്നത് അയോഗ്യതയായി കാണുന്നത് ശരിയല്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അടൂര്‍ പ്രകാശിന് വേണ്ടി രമേശ് ചെന്നിത്തലയും വാദിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് സുധീരനോടാണ് ചായ് വ് . ഇതോടെ വാദങ്ങളും തര്‍ക്കവും സ്ക്രീനിങ് കമ്മിറ്റിയില്‍ നിന്ന് തെരഞ്ഞെടുപ്പ് സമിതിയിലേക്ക് കടക്കുമെന്നുറപ്പായി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News