ഫീസ് ഇളവില്‍ ധാരണയായില്ല; സ്വാശ്രയ ചര്‍ച്ച പാളി
ചര്‍ച്ചയില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പോ ഫീസിളവോ വേണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍....
സ്വാശ്രയ മെഡിക്കല്‍ കോളജിലെ ഫീസ് ഇളവില്‍ ധാരണയായില്ല. മുഖ്യമന്ത്രിയും മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ച പാളി. ഫീസിളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടു വെച്ചില്ലെന്ന് മാനേജ്മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവിലെ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ടുപോകുമെന്നും മാനേജ്മെന്‍റുകള്‍ അറിയിച്ചു.
ആരോഗ്യ മന്ത്രിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മെറിറ്റ് സീറ്റിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം മാനേജ്മെന്‍റുകള്‍ അറിയിച്ചു.
സര്‍ക്കാറുമായുണ്ടാക്കിയ കരാറിന്റെ കാര്യത്തില്‍ മാനേജ്മെന്‍റുകള്‍ക്ക് പുതിയ വല്ല നിര്‍ദേശവുമുണ്ടോയെന്നായിരുന്നു മിനിട്ടുകള്‍ മാത്രം നീണ്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി ചോദിച്ചത്. എന്നാല്‍ സര്‍ക്കാറിന് പുതിയ നിര്‍ദേശങ്ങളുണ്ടെന്ന് ധരിച്ചാണ് ചര്‍ച്ചക്കെത്തിയതെന്ന് മാനേജ്മെന്‍റുകള്‍ പ്രതികരിച്ചു. ഫീസിളവ് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഒരു ആവശ്യവും ഉന്നയിക്കാതിരുന്ന ചര്‍ച്ച ഇതോടെ പാളി. ഈ സാഹചര്യത്തില്‍ നിലവിലെ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ടുപോകും. ഫീസിളവിന്റെ കാര്യത്തില്‍ ഡോ. ഫസല്‍ ഗഫൂര്‍ നടത്തിയത് എംഇഎസുമായി ബന്ധപ്പെട്ട മാത്രം കാര്യമാണെന്ന് മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി.