പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് തൃപ്പൂണിത്തുറയില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
തൃപ്പൂണിത്തുറയില്‍ ബാര്‍ കോഴയ്ക്കും അഴിമതി ആരോപണങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.
കെ ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ ബാര്‍ കോഴയ്ക്കും അഴിമതി ആരോപണങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രതിപക്ഷം ആരോപണം ഉന്നയിച്ച് ഓടിയൊളിക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കലാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
5 വര്‍ഷം ഭരിച്ച ഒരു ഗവണ്‍മെന്റിനെതിരെ പറയാന്‍ ഒന്നുമില്ലാത്ത പ്രതിപക്ഷം അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ്. ആരോപണം ഉന്നയിച്ച് ഓടിയൊളിക്കുന്ന പ്രതിപക്ഷം വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. നിയമസഭയിലെ മറുപടിയില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭയക്കുന്നു. ആരോപണങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും രണ്ടായി കാണണം. ആരോപണങ്ങളെയും അഴിമതിയെയും കൂട്ടിക്കുഴയ്ക്കാനാണ് പ്രതിപക്ഷ ശ്രമം. സോളാര്‍ കമ്മീഷനില്‍ കക്ഷി ചേരേണ്ട സമയത്ത് പ്രതിപക്ഷം ഓടിയൊളിക്കുകയായിരുന്നു. മാധ്യമ വാര്‍ത്തകള്‍ക്ക് അപ്പുറം ഒന്നും പ്രതിപക്ഷത്തിന് കമ്മീഷന് മുമ്പാകെ നല്‍കാന്‍ സാധിച്ചില്ല. ബാര്‍ കോഴ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വാസ്തവം വ്യക്തതയോടെ വെളിപ്പെടും.
ഭരണ തുടര്‍ച്ചയാണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. സാധിക്കില്ലെന്ന് കരുതിയ പല പദ്ധതികളും 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തായാക്കാനോ തുടക്കമിടാനോ കഴിഞ്ഞു. നിരാശ ബോധത്തില്‍ നിന്ന് കേരളം തിരിച്ചു വന്നു. ഇതാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.