കലാഭവന്‍ മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റന്നാള്‍ നടത്താനിരുന്ന ഉപവാസ സമരം വേണ്ടന്നുവെച്ചു
അന്വേഷണം ഊര്‍ജ്ജിതപെടുത്തുമെന്നും ദുരൂഹതയകറ്റുമെന്നും സഹകരണമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിച്ചത്
കലാഭവന്‍ മണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റന്നാള്‍ നടത്താനിരുന്ന ഉപവാസ സമരം വേണ്ടന്നുവെച്ചു. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതപെടുത്തുമെന്നും ദുരൂഹതയകറ്റുമെന്നും സര്‍ക്കാരിന് വേണ്ടി സഹകരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിക്കുന്നതെന്ന് സഹോദരന്‍ ആര്‍.എല്‍ വി രാമകൃഷ്ണന്‍ പറഞു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപെട്ട് ബി ഡി ദേവസി എംഎല്‍എയും മണിയുടെ വീട്ടിലെത്തിയിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും മറ്റന്നാള്‍ ചാലക്കുടിയില്‍ ഏകദിന ഉപവാസം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മണിയെ ചില സുഹൃത്തുക്കള്‍ അപായപെടുത്തിയതാണന്നും ഇതിന് പിന്നില്‍ സാമ്പത്തിക താത്പര്യമുണ്ടെന്നും പരാതി നല്കിയിട്ടും പോലീസ് അന്വേഷിച്ചില്ലെന്നായിരുന്നു ഇവരുടെ പരാതി.
കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത കണ്ടത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം അട്ടിമറിക്കുവാനാണ് ഇപ്പോഴത്തെ നീക്കം. മൊഴികള്‍ രേഖപെടുത്തല്‍ മാത്രമായി അന്വേഷണം ഒതുങ്ങി, ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് രണ്ട് മാസമായിട്ടും കിട്ടിയിട്ടില്ല. കാക്കനാട് ലാബില്‍ നിന്നും ഹൈദ്രാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരികവയവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ്‍ സംബന്ധിച്ച് ഇനിയും വിവരമില്ല.
മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ മദ്യത്തില്‍ ഘട്ടം ഘട്ടമായി വിഷം കലര്‍ത്തി നല്കിയിരുന്നതായി സംശയമുണ്ടന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ടന്നും മണി ആത്മഹത്യ ചെയ്യില്ലന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.
ഈ സാഹചര്യത്തിലാണ് അന്വേഷണം സംബന്ധിച്ച വിശ്വാസ്യത നഷ്ടപ്പെട്ടുതുടങ്ങിയെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യക്ഷ സമരത്തിനൊരുങ്ങിയത്.