ശാശ്വതീകാനന്ദയുടെ കൊലപാതകം: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാന്‍ നീക്കം

Update: 2017-05-25 02:29 GMT
Editor : Alwyn K Jose
ശാശ്വതീകാനന്ദയുടെ കൊലപാതകം: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാന്‍ നീക്കം
Advertising

സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മവേദി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

Full View

ശ്രീനാരായണ ധര്‍മ്മവേദിയെ മുന്‍ നിര്‍ത്തി വെള്ളാപ്പള്ളി നടേശനെതിരായ നീക്കങ്ങള്‍ സിപിഎം സജീവമാക്കുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മവേദി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. മൈക്രോഫിനാന്‍സ് കേസ് വിജിലന്‍സിന് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ കൂടി താത്പര്യത്തിലാണ് ധര്‍മ്മവേദിയുടെ നീക്കങ്ങളെന്നാണ് സൂചന.

എസ്.എന്‍.ഡി.പി നേതാക്കള്‍ ബിഡിജെഎസ് രൂപികരിച്ച് ബിജെപിയോട് അടുത്തപ്പോള്‍ തന്നെ പല യൂണിയനുകളും നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുക്കാന്‍ സിപിഎം പ്രാദേശിക തലത്തില്‍ നീക്കങ്ങളും നടത്തി. ഇതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്ത് വരുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനെതിരായ കേസുകള്‍ സജീവമാക്കി എസ്.എന്‍.ഡി.പിയില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ധര്‍മ്മവേദി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതെന്നാണ് സൂചന. സ്വമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന് നല്‍കണമെന്നാണ് ആവശ്യം.

മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മുഴുവന്‍ കേസുകളും വിജിലന്‍സിന് കൈമാറണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്‍റെ കൂടി താത്പര്യത്തില്‍ നല്‍കിയ നിവേദനമായതിനാല്‍ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകാനാണ് സാധ്യത.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News