ദേവികുളത്ത് ഒന്നാം ഘട്ടപ്രചരണം ശക്തമാക്കി പ്രധാന മുന്നണികള്‍
ട്രേഡ് യൂണിയനുകള്‍ ശക്തമായ ദേവികുളത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ കൂടിയാണ് പ്രധാന സ്ഥാനാര്‍ഥികള്‍ രണ്ടുപേരും.
ദേവികുളത്ത് പോര് മുറുകുന്നു. ഒന്നാം ഘട്ടപ്രചരണം ശക്തമാക്കി പ്രധാന മുന്നണികള്‍. സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി പെണ്‍പിളെ ഒരുമെയുടെ ഒരു വിഭാഗവും എ.ഐ.ഡി.എം.കെയും.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വം ഒഴിഞ്ഞ് യു.ഡി.എഫ് ക്യാമ്പ് പ്രചരണ രംഗത്ത് സജീവമായതോടെ തേയില തോട്ടങ്ങളുടെ നാട്ടില്‍ പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയാക്കുന്നു. യു.ഡി.എഫിലെ എ.കെ.മണിയും എല്‍.ഡി.എഫിലെ എസ്.രാജേന്ദ്രനുമായാണ് പ്രധാന പോരാട്ടം. എങ്കിലും എന്‍.ഡി.എയും ശക്തമായി രംഗത്ത് ഉണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപെട്ട വിജയം തിരിച്ചു പിടിക്കാന്‍ എ.കെ.മണിയെ തന്നെ വീണ്ടും രംഗത്ത് ഇറക്കി മത്സരിക്കുകയാണ് യുഡിഎഫ്. എല്‍.ഡി.എഫ് ആകട്ടെ സിറ്റിഗ് എം.എല്‍.എ കൂടിയായ രാജേന്ദ്രനെയാണ് ഹാട്രിക് വിജയത്തിനായി രംഗത്ത് ഇറക്കിയിരിക്കുന്നത്.
ട്രേഡ് യൂണിയനുകള്‍ ശക്തമായ ദേവികുളത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ കൂടിയാണ് പ്രധാന സ്ഥാനാര്‍ഥികള്‍ രണ്ടുപേരും. മൂന്നാറില്‍ നടന്ന തൊഴിലാളി സമരം തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലത്തില്‍ ആരെ തുണക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ചന്ദ്രനാണ്. എ.ഐ.എ.ഡി.എം.കെയുടെയും പെണ്‍പിളെ ഒരുമെയുടേയും സ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ അത് അയ്യായിരം വോട്ടിനു താഴെ വിജയിയെ നിശ്ചയിക്കുന്ന ദേവികുളം മണ്ഡലത്തിലെ ഫലപ്രവചനം അസാദ്ധ്യമാക്കും.