വിജിലന്‍സ് നടപടി പകപോക്കല്‍; കെ ബാബുവിന് സുധീരന്റെ പിന്തുണ

Update: 2017-06-16 06:40 GMT
വിജിലന്‍സ് നടപടി പകപോക്കല്‍; കെ ബാബുവിന് സുധീരന്റെ പിന്തുണ
Advertising

മുന്‍ മന്ത്രി കെ ബാബുവിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍

Full View

കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയില്‍ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ബാബുവിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാകാന്‍ വേണ്ടിയാണ് നിലപാട് പറയാന്‍ സമയമെടുത്തതെന്നും സുധീരന്‍ പറഞ്ഞു. അതേസമയം സുധീരനെതിരെ മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശമുന്നയിച്ചു.

കെ ബാബുവിനെതിരായ വിജിലന്‍സ് നടപടിയിലുള്ള വി എം സുധീരന്‍റെ നിലപാട് അറിയാനാണ് കെപിസിസി രാഷ്ട്രീയകാര്യ സമതിയുടെ ആദ്യ യോഗത്തിന് ശേഷം ഏവരും കാത്തിരുന്നത്. കാര്യങ്ങള്‍ ഇപ്പോഴാണ് വ്യക്തമായതെന്നാണ് നിലപാട് പറയാന്‍ വൈകിയതിനുള്ള സുധീരന്‍റെ മറുപടി.

അതേസമയം കെ ബാബുവിനെ പിന്തുണക്കാതിരുന്നതിന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധീരന്‍ വിമര്‍ശം നേരിട്ടു. സുധീരന്‍ ആദര്‍ശത്തിന്‍റെ തടവറയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പഴയ സുധീരനല്ല പുതിയ സുധീരനെന്ന് എം എം ഹസനും ആരോപിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷവും മാണിയെ പിന്തുണച്ച സുധീരന്‍ എന്തുകൊണ്ട് ബാബുവിനെ പിന്തുണച്ചില്ലെന്നും ഹസന്‍ ചോദിച്ചു.

14 ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റി പുനസംഘടനാ നടപടികള്‍ തുടങ്ങാനും തീരുമാനമായി. പുതിയ പ്രസിഡന്‍റുമാരെ സംബന്ധിച്ച നിര്‍ദേശം ഈ മാസം തന്നെ ഹൈകമാന്‍ഡിന് സമര്‍പ്പിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആവശ്യപ്പെട്ടു. ജംപോ കമ്മിറ്റികളുടെ പുനസംഘടന അതിന് ശേഷമേ ഉണ്ടാകും. രാഷ്ട്രീയകാര്യ സമിതി കേരളത്തിലെ പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയായി പ്രവര്‍ത്തിക്കും. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അച്ചടക്ക സമിതി രൂപീകരിക്കാനും ഹൈകമാന്‍ഡ് പ്രതിനിധികള്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News