കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കിയേക്കും
അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ണമായും ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ സാധ്യത. നിലവില്‍ കേസ് അന്വേഷിക്കുന്ന എസ്‍പി ഉണ്ണിരാജനും സംഘത്തിനും ജിഷാവധക്കേസിന്റെ അന്വേഷണ ചുമതലകൂടി ഉള്ളതുകൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. മണിയുടെ ശരീരത്തില്‍ മരണകാരണമായേക്കാവുന്ന തരത്തില്‍ മെഥനോള്‍ എങ്ങനെയെത്തി എന്നറിയുവാന്‍ സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയരാക്കുവാനും സാധ്യതയുണ്ട്.
കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന എസ്‍പ് ഉണ്ണിരാജനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ജിഷാ വധക്കേസും അന്വേഷിക്കുന്നത്. ഇതോടെ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണന്ന ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ ചുമതല പൂര്‍ണമായും ക്രൈം ബ്രാഞ്ചിന് വിടാന്‍ ആലോചിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
മണിയുടെ മരണകാരണം മെഥനോളിന്റെ സാന്നിധ്യമാണെന്ന കേന്ദ്രലാബിലെ പരിശോധന ഫലം പുറത്ത് വന്നിട്ടും ഇതെങ്ങനെ ശരീരത്തിലെത്തി എന്നതിലേക്ക് നയിക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് മണിയെ അവശനിലയില്‍ കണ്ടത്തിയ ദിവസം പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയരാക്കുവാന്‍ ആലോചിക്കുന്നത്.