നാളെ ചൂട് കടുക്കും; സൂര്യതാപത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2017-07-25 17:07 GMT
Editor : admin
നാളെ ചൂട് കടുക്കും; സൂര്യതാപത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Advertising

സൂര്യതാപത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Full View

സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യതാപത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്. 1987ല്‍ അനുഭവപ്പെട്ട 41.8 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ മറികടന്നത്. എന്നാല്‍ ചൂട് ഇനിയും വര്‍ധിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നും നാളെയും റെക്കോര്‍ഡ് താപനിലയാകും അനുഭവപ്പെടുക. മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. വരണ്ട കാറ്റ് വീശുന്നതും ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കും.

സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആശുപത്രികള്‍ക്കും അംഗണവാടികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളവും കുടയും ഇല്ലാതെ പുറത്തിറങ്ങരുതെന്നും ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചു. വേനല്‍ മഴ കുറഞ്ഞതാണ് ചൂട് ക്രമാതീതമായി ഉയരാന്‍ കാരണം. ഒന്നരമാസത്തിനിടെ 50 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയില്‍ അനുഭവപ്പെട്ടത്. അഞ്ച് ജില്ലകളില്‍ മഴയില്‍ 90 ശതമാനം കുറവുണ്ടായി. മെയ് ആദ്യവാരം മഴ സജീവമാകുമെന്നാണ് കാലാവസ്ഥാപ്രവചനമെങ്കിലും കാര്യമായ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വരള്‍ച്ച വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസം സംബന്ധിച്ച തീരുമാനമെടുക്കാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News