മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി ഉത്തരവ്
പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹമാണ് അനുമതിയില്ലാതെ സംസ്‍കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടത്.
നിലമ്പൂര്‍ വനത്തില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം അനുമതിയില്ലാതെ സംസ്‍കരിക്കരുതെന്ന് കോടതി ഉത്തരവ്. പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹമാണ് അനുമതിയില്ലാതെ സംസ്‍കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടത്. പെരിന്തല്‍മണ്ണ ഡിവൈഎസ്‍പിക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. നാളെ രാത്രിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കണം. ബന്ധുക്കളുടെ ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ഉത്തരവ് വന്നത്. മരിച്ച കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബന്ധുക്കളെ പ്രതീക്ഷിച്ച് മൃതദേഹം കാത്തുവെക്കേണ്ട 72 മണിക്കൂര്‍ ഇന്ന് രാത്രി 12 മണിയോടെ അവസാനിക്കും. ഇതിന് ശേഷം അനാഥ മൃതദേഹങ്ങള്‍ എന്ന് പരിഗണിച്ച് പൊലീസിന് തന്നെ മൃതദേഹം സംസ്കരിക്കാമെന്നിരിക്കെയാണ് കോടതി ഇടപെടല്‍. അതിനിടെ മാവോയിസ്റ്റുകളുടെ കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ മനുഷ്യാവകാശ സമിതി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.