ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
10 വര്‍ഷം പഴക്കമുള്ള 2000 സിസിക്ക് മേലെയുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വിധി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതോടൊപ്പം വിധിയുടെ അന്തസ്സത്ത പാലിക്കുന്ന തരത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സി.സി.ക്കും അതിന് മുകളിലും ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും നിരോധിച്ചുകൊണ്ടായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഉത്തരവ് ഉടന്‍ നടപ്പിലാക്കുന്നത് പൊതുഗതാഗതത്തെ ബാധിക്കും. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യും. അതിനാല്‍ നിയമവശങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം അപ്പീല്‍ പോകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം ട്രിബ്യൂണല്‍ ഉത്തരവ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഗുണകരമാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ സിഎന്‍ജി ഇന്ധനത്തിലേക്ക് മാറുന്നതുള്‍പ്പെടെ പരിസ്ഥിതി അനുയോജ്യ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.