കാഴ്ചയില്ലാത്തവര്‍ക്കായി ഒരു പൂന്തോട്ടം
പ്രകൃതിയെ അനുഭവിച്ചറിയാന്‍ അന്ധത തടസ്സം നില്‍ക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയുടെ സവിശേഷമായ പൂന്തോട്ടം.
പ്രകൃതിയെ അനുഭവിച്ചറിയാന്‍ അന്ധത തടസ്സം നില്‍ക്കുന്നവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലയുടെ സവിശേഷമായ പൂന്തോട്ടം. ചെടികളെയും പൂക്കളെയും സ്പര്‍ശിച്ചും കേട്ടും മനസ്സിലാക്കാന്‍ കഴിയുന്ന ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ സര്‍വകലാശാല ക്യാമ്പസില്‍ തുറന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ തോട്ടമാണിത്.
അറുപത്തിയഞ്ചിനം ചെടികളും പൂക്കളും. കാഴ്ചയില്ലാത്തവര്‍ക്ക് തൊട്ടും മണത്തും രുചിച്ചുനോക്കിയും ചെടികളെ അടുത്തറിയാം. ഉണങ്ങിയ വിത്തുകളുടെയും പഴങ്ങളുടെയും ശേഖരവുമുണ്ട്. സമീപമുള്ള ബോര്‍ഡില്‍ ബ്രെയില്‍ ലിപിയില്‍ ഓരോന്നിന്റെയും ശാസ്ത്രനാമവും മറ്റു വിവരങ്ങളും. സോണിക് ലേബലര്‍ എന്ന പ്രത്യേക തരം പേന ബോര്‍ഡില്‍ സ്പര്‍ശിച്ചാല്‍ വിവരങ്ങള്‍ കേട്ടും മനസ്സിലാക്കാം. സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസര്‍ സാബുവിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടം നിര്‍മിച്ചത്. മരുപ്രദേശത്ത് മാത്രം വളരുന്ന വിവിധ ഇനം ചെടികളുടെ തോട്ടവും ഇവിടെ തുറന്നിട്ടുണ്ട്. മരുഭൂമിയുടെ അന്തരീക്ഷമൊരുക്കിയാണ് ചെടികളുടെ സംരക്ഷണം.