മദ്യനയം: സിപിഎമ്മിലെ ആശയക്കുഴപ്പം തുടരുന്നു
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യ ഉപഭോഗം കുറക്കാന്‍ വേണ്ട തീരുമാനങ്ങളെടുക്കുമെന്ന് സീതാറാം യെച്ചൂരി.
മദ്യനയത്തില്‍ സിപിഎമ്മിലെ ആശയക്കുഴപ്പം തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന പഴയ നിലപാട് മാറ്റി. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മദ്യ ഉപഭോഗം കുറക്കാന്‍ വേണ്ട തീരുമാനങ്ങളെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പൂട്ടിയ ബാറുകള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. ഇന്ന് കൊച്ചിയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഈ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. മദ്യോപഭോഗം കുറക്കാന്‍ ലക്ഷ്യമിട്ട് എടുത്ത തീരുമാനങ്ങളൊന്നും മാറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഈ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചില്ല. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയിട്ടില്ലെന്നാണ് പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് യെച്ചൂരി നല്‍കിയ മറുപടി.
കേരളത്തില്‍ ബിജെപിയ്ക്ക് അക്കൌണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സഹായിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. പരവൂര്‍ ദുരന്ത ദിവസം പ്രാധാനമന്ത്രി സന്ദര്‍ശനത്തിനെത്തിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചത് ഇതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.