റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് സൂചനാസമരം
ഭക്ഷ്യസുരക്ഷയുടെ പേരുപറഞ്ഞ് കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തിന്റെ അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നാണ് വ്യാപാരികളുടെ പരാതി
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് വ്യാപാരികള്‍ സൂചനാസമരം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെ റേഷന്‍ ഡീലേര്‍സ് അസോ പ്രതിനിധികള്‍ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കും.
ഭക്ഷ്യസുരക്ഷയുടെ പേരുപറഞ്ഞ് കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തിന്റെ അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നാണ് വ്യാപാരികളുടെ പരാതി. ഭീമമായ നഷ്ടം സഹിച്ച് റേഷന്‍ വിതരണം ചെയ്യുന്ന റേഷന്‍ വ്യാപാരികളെ രക്ഷിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച എപിഎല്‍ അരിയുടെയും മണ്ണെണ്ണയുടെയും ക്വാട്ട പുനസ്ഥാപിക്കുക, സൌജന്യ റേഷന്‍ നല്‍കിയ ഇനത്തില്‍ നല്‍കാനുള്ള കമ്മീഷന്‍ കുടിശിക വിതരണം ചെയ്യുക, റേഷന്‍ വ്യാപാരികളുടെ മിനിമം വേതനം ഉറപ്പാക്കി റേഷന്‍ വിതരണം സുതാര്യമാക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്.
ഇന്ന് കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വ്യാപാരികള്‍ ആവശ്യങ്ങള്‍ ഉന്നയിക്കും. ശനിയാഴ്ച തൃശൂരില്‍ ചേരുന്ന റേഷന്‍ വ്യാപാരികളുടെ മുഴുവന്‍ സംഘടനകളുടെയും യോഗത്തില്‍ അനിശ്ചിതകാല സമരത്തിന്റെ തീയതി തീരുമാനിക്കും.