20,360 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി; നാല് എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ്
15 ദിവസത്തിനകം ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം
സംസ്ഥാനത്ത് സ്വകാര്യവ്യക്തികള്‍ അന്യായമായി കൈവശം വെച്ചിരിക്കുന്ന 20,360 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒഴിപ്പിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം നാല് എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖകള്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ ഇവ സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനം.
ഇടുക്കി പെരുവന്താനം വില്ലേജില്‍ ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയുടെ കൈവശമുള്ള 7000 ഏക്കര്‍. ഇടുക്കി ഉപ്പുതറ വില്ലേജില്‍ പീരുമേട് ടീ കമ്പനിയുടെ 3330 ഏക്കര്‍. തിരുവനന്തപുരം പെരിങ്ങമ്മല വില്ലേജില്‍ ബ്രൈമൂര്‍ എസ്റ്റേറ്റിന്റെ 765 ഏക്കര്‍. ഇടുക്കി എലപ്പാറ, പെരിയാര്‍ വില്ലേജുകളില്‍ റാം ബഹാദൂര്‍ ഠാക്കൂര്‍ കമ്പനിയുടെ 9265 ഏക്കര്‍ എന്നിവക്കാണ് നോട്ടീസ് നല്‍കിയത്. ഈ എസ്റ്റേറ്റുകളുടെ കൈവശാവകാശ രേഖകള്‍ പരിശോധിച്ച ശേഷമാണ് എം ജി രാജമാണിക്കത്തിന്റെ നടപടി. പ്രാഥമിക പരിശോധനയില്‍ ഇവ സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമായിട്ടുണ്ട്.
മറിച്ച് സ്ഥാപിക്കാന്‍ കൂടുതല്‍ രേഖകളുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവകാശം തെളിയിക്കാനായില്ലെങ്കില്‍ ഭൂമിയേറ്റെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1957 ലെ കേരള ഭൂ സംരക്ഷണ നിയമം അനുസരിച്ചാണ് നോട്ടീസ്. സംസ്ഥാനത്തൊട്ടാകെ 5 ലക്ഷത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശം വെച്ചിരിക്കുന്നതായി സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്കം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ 87000 ഏക്കര്‍ ഭൂമിയില്‍ ഇതിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. മതിയായ രേഖകളില്ലാത്ത ഭൂമികള്‍ സര്‍ക്കാറിലേക്ക് ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.