ടൈറ്റാനിയം അഴിമതിക്കേസ് പരിഗണിക്കുന്നത് ജൂണ്‍ 14 ലേക്ക് മാറ്റി
കൂടുതല്‍ രേഖകള്‍ക്കായി ടൈറ്റാനിയത്തിന് നോട്ടീസ്
ടൈറ്റാനിയം അഴിമതിക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി ജൂണ്‍ 14 ലേക്ക് മാറ്റി. കൂടുതല്‍ രേഖകള്‍ക്കായി ടൈറ്റാനിയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.എന്നാല്‍ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന് പ്രതിഭാഗം വാദിച്ചു.
ടൈറ്റാനിയം കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കോടതി കേസ് പരിഗണിച്ചത്. കേസിനാസ്പദമായ മാലിന്യ പ്ലാന്‍റ് പദ്ധതി സംബന്ധിച്ച അടിസ്ഥാന രേഖകള്‍ ഇനിയും വിജിലന്‍സിന് ലഭിച്ചില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ അറിയിച്ചു. ഇതിനായി സി ആര്‍ പി സി 91 പ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനാല്‍ കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് നീട്ടികൊണ്ടുപോകാനുള്ള വിജിലന്‍സിന്റെ നീക്കമാണിതെന്ന് വാദിഭാഗം ആരോപിച്ചു.
വിജിലന്‍സിന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് ജൂണ്‍ 14 ലേക്ക് മാറ്റി. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനമുണ്ടാകൂ എന്ന് ഇതോടെ ഉറപ്പായി.