യുഡിഎഫിന്റ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും
കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഘടകക്ഷികളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചേക്കും
ഘടകകക്ഷികളുമായുള്ള യുഡിഎഫിന്റ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മുസ്ലിം ലീഗുമായാണ് ആദ്യ ചര്‍ച്ച. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഘടകക്ഷികളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചേക്കും. യുഡിഎഫ് ജില്ലാ നേതാക്കളുടെ യോഗവും ഇന്ന്.
കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്നത് ഘടകക്ഷികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട സാഹചര്യമാണ് ഇക്കാര്യം ഗൌരവത്തിലെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. വൈകിട്ട് 3 ന് മുസ്‍ലിം ലീഗുമായാണ് ആദ്യചര്‍ച്ച. കോണ്‍ഗ്രസിനകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിലെ അതൃപ്തി ലീഗ് ചര്‍ച്ചയില്‍ ഉന്നയിക്കും. മാണിയുടേതുള്‍പ്പെടെ മുന്നണിയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും ചര്‍ച്ചയില്‍ വരും. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും ചര്‍ച്ചക്ക് അവസരമൊരുക്കണമെന്ന ആവശ്യം ലീഗ് നേതാക്കള്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന. ജെഡി യുമായി ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ജെ ഡി യു നേതാക്കളുടെ അസൌകര്യം മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. 23 ന് ജേക്കബ് വിഭാഗം ആര്‍എസ്പി എന്നിവരുമായി ചര്‍ച്ച നടക്കും. ജില്ലാ തലങ്ങളിലും താഴെതട്ടിലും യുഡിഎഫ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് യുഡിഎഫ് ജില്ലാ നേതാക്കളുടെ സംയുക്ത യോഗം ചേര്‍ന്നത്. ജില്ലാ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും യോഗത്തില്‍ പങ്കെടുക്കും. കന്റോണ്‍മെന്റ് ഹൌസില്‍ രാവിലെ 11 നാണ് യോഗം.