ചെങ്ങന്നൂര്‍: കോണ്‍ഗ്രസിലും ബിജെപിയിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തകൃതി, സിപിഎമ്മില്‍ മെല്ലെപ്പോക്ക്
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഎമ്മില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ സിപിഎമ്മില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ല. സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തൂ എന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഈ മെല്ലെപ്പോക്ക് തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യത്തില്‍ ബിജെപിയിലും കോണ്‍ഗ്രസിലും ഔദ്യോഗിക ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചു. പിഎസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ബിജെപി ഏകദേശം തീരുമാനത്തിലെത്തിയിട്ടുമുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാനാണ് സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കല്‍പിക്കപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും സിപിഎം ഘടകങ്ങളില്‍ ആരംഭിച്ചിട്ടില്ല. ഈ മാസം 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമേ ഇക്കാര്യത്തില്‍ ചര്‍ച്ചകളാരംഭിക്കൂ എന്നാണ് സിപിഎം നേതൃത്വം അറിയിച്ചിട്ടുള്ളത്.
പക്ഷേ ഈ കാലതാമസം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാദ്ധ്യതകളെ ബാധിക്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്. അന്തരിച്ച മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ മുന്‍ കയ്യെടുത്ത് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകം.