അമിത ഫീസ് ഈടാക്കിയ സിബിഎസ്ഇ സ്കൂളിനെതിരെ പ്രതിഷേധം
കൊച്ചിയില്‍ അമിത ഫീസ് ഈടാക്കുന്ന സിബിഎസ്ഇ സ്കൂളിനെതിരെ നാട്ടുകാരും മാതാപിതാക്കളും രംഗത്ത്.
കൊച്ചിയില്‍ അമിത ഫീസ് ഈടാക്കുന്ന സിബിഎസ്ഇ സ്കൂളിനെതിരെ നാട്ടുകാരും മാതാപിതാക്കളും രംഗത്ത്. ഡൊണേഷന്‍ ഇനത്തിലും പാഠപുസ്തകത്തിനും അടക്കം വന്‍ തുകയാണ് സ്കൂള്‍ ഇടാക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി. ഡൊണേഷന്‍ നല്കാന്‍ വിസമ്മതിച്ച കുട്ടിയുടെ ഒന്നാം ക്ലാസ് പ്രവേശനം തടഞ്ഞതായി പരാതിയുണ്ട്.
ഇടപ്പള്ളിയിലുള്ള ക്യാപയിന്‍ സ്കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എല്‍കെജിയില്‍ ചേരാന്‍ 30000 രൂപയും ഒന്നാം ക്ലാസില്‍ ചേരണമെങ്കില്‍ 50000 രൂപയും ഡൊണേഷന്‍ ഇനത്തില്‍ ഇവര്‍ വാങ്ങുന്നുണ്ട്. കൂടാതെ എല്‍പി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലും ലാബ് ഫീസും മെയിന്റനന്‍സ് ഫീസും ഈടാക്കുന്നു. ഈ സ്കൂളില്‍ തന്നെ എല്‍കെജിയും യുകെജിയും പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കണമെങ്കില്‍ വീണ്ടും ഡൊണേഷന്‍ നല്‍കണം. ഇതിനെതിരെ ചില മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇവരുടെ കുട്ടികള്‍ക്ക് തുടര്‍ പഠനവും മാനേജ്മെന്‍റ് നിഷേധിച്ചു. അതേസമയം പാഠപുസ്തകം വിതരണത്തിലും ഇവിടെ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്.
സിബിഎസ്‍സി അനുശാസിക്കുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍ പറത്തിയാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ശൌചാലയങ്ങള്‍ പോലും ഇവിടെ ഇല്ല. എന്നാല്‍ അമിത ഫീസ് ഈടാക്കിയിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം.