കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് ശിപാര്‍ശ
കൊച്ചി ഉള്‍പ്പെടെ മൂന്ന് കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
കൊച്ചി ഉള്‍പ്പെടെ മൂന്ന് കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. അതേസമയം മറ്റുള്ള കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി തലത്തിലേക്ക് മാറ്റണമെന്നാണ് തീരുമാനം.
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് വിവിധ തരത്തിലുള്ള മലിനീകരണം കൂടുതലാണെന്ന കാരണം പറഞ്ഞാണ് ഇവയ്ക്ക് പുതിയ പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് മോട്ടാര്‍വാഹന വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ഡീസല്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി എല്‍എന്‍ജി ഇന്ധനങ്ങളിലേക്ക് മാറുകയും വേണം. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റ് കഴിഞ്ഞ 21 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. അതിനാലാണ് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. കൊച്ചിയില്‍ ഇപ്പോള്‍ പ്രീപെയ്ഡ് കൗണ്ടറുകളിലേത് ഉള്‍പ്പെടെ 4500 ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് പെര്‍മിറ്റുള്ളത്. അനധികൃതമായി ഈ നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ശിപാര്‍ശയില്‍ പറയുന്നു.
നഗരങ്ങളില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രത്യേക നിറവും നമ്പറും നല്‍കാനാണ് തീരുമാനം. ഇതിലൂടെ അനധികൃത ഓട്ടോറിക്ഷകളെ ഒഴിവാക്കാന്‍ കഴിയും. തിരുവനന്തപുരം നഗരത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ പരിപാടി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഇത് ഏര്‍പ്പെടുത്തുന്നത്.