സംസ്ഥാനത്ത് നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് മന്ത്രി
സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സമിതിയുടെ റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
മണലെടുപ്പ് മൂലം സംസ്ഥാനത്തെ നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലങ്ങളുടെ അവസ്ഥ വിലയിരുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും. പത്തനംതിട്ട ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥക്ക് കാരണം അനധികൃത മണലെടുപ്പാണെന്ന് വിദഗ്ധ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
അനിയന്ത്രിതമായ മണലൂറ്റും പാലങ്ങള്‍ നിര്‍മിച്ചശേഷം മതിയായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതുമാണ് അപകടാവസ്ഥക്ക് കാരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലങ്ങളുടെ അവസ്ഥ പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമില്ല. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും പത്തനംതിട്ട ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് ചെന്നൈ ഐഐടിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ അരവിന്ദന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മണലെടുപ്പ് മൂലം അഞ്ച് മീറ്ററോളം മണല്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന് പോയതാണ് പാലത്തിന്റെ അപകടാവസ്ഥക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൂണുകള്‍ മാറ്റി ആറ് മാസത്തിനകം പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലങ്ങളുടെ അറ്റകുറ്റപ്പണിക്കും പുനര്‍ നിര്‍മാണത്തിനും ബജറ്റില്‍ തുക മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.