നിലമ്പൂരിലേത് ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് വി ടി ബല്‍റാം
നിലമ്പൂര്‍ കരുളായി വനത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിനെ പ്രതികൂട്ടിലാക്കി പ്രമുഖര്‍ രംഗത്ത്
നിലമ്പൂര്‍ കരുളായി വനത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിനെ പ്രതികൂട്ടിലാക്കി പ്രമുഖര്‍ രംഗത്ത്. കോടതി ശിക്ഷ വിധിക്കാത്തിടത്തോളം കാലം ഇപ്പോള്‍ നടന്നത് ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് വി ടി ബല്‍റാം എം.എല്‍.എ കുറ്റപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മാവോയിസ്റ്റുകളെ ഏറ്റുമുട്ടി കൊലപ്പെടുത്തിയെന്ന പോലീസ് വാദത്തെ ചോദ്യം ചെയ്ത് പ്രമുഖര്‍ രംഗത്ത് വരുകയാണ്. മാവോയിസ്റ്റായി എന്നത് കൊണ്ട് ഒരാളെ ഒറ്റയടിക്ക് കൊന്നുകളയുന്നത് തെറ്റാണെന്ന് വി ടി ബല്‍റാം എംഎല്‍എ നിലപാടെടുത്തു. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നത് ഭരണകൂട ഭീകരത അഴിച്ചുവിടാനുള്ള ലൈസന്‍സല്ലന്ന പരോക്ഷ കുറ്റപ്പെടുത്തലും മുഖ്യമന്ത്രിക്കെതിരെ വി ടി ബല്‍റാം നടത്തുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ബല്‍റാം കുറ്റപ്പെടുത്തി. പോലീസ് വിശദീകരണം വിശ്വാസ യോഗ്യമല്ലെന്ന വാദം ആര്‍എംപിക്കുമുണ്ട്.
മാവോയിസ്റ്റ് വേട്ടയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗമായ സിപിഐയും മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.