സോളാര്‍ കമ്മീഷനുവേണ്ടി സര്‍ക്കാരിന് ചിലവായത് 1.22 കോടി
എന്നാല്‍ കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ശിവരാമന്‍ ഇതുവരെയും ശമ്പളമോ മറ്റ് ആനുകൂല്യമോ കൈപ്പറ്റിയിട്ടില്ല
സോളാര്‍ അഴിമതി അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ പ്രവര്‍ത്തിച്ചത് 1.22 കോടി രൂപ ചിലവഴിച്ച്. 2013 ഡിസംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ചിലവാണിത്. എന്നാല്‍ അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ ശമ്പളമോ ആനുകൂല്യങ്ങളോ പറ്റിയിട്ടില്ലെന്നും വിവരാവകാശ രേഖ.
സോളാര്‍ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജസ്റ്റിസ് ശിവരാമനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത് 2013 ഓക്ടോബര്‍ 28 നാണ്. ഡിസംബറില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിച്ച് ഉത്തരവായി. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ള പത്ത് ഉദ്യോഗസ്ഥരെയാണ് കമ്മിഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടി നിയമിച്ചത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ എറണാകുളം പനമ്പളി നഗറിലുള്ള കെട്ടിടം വാടകയ്‌ക്കെടുത്താണ് കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഓഫിസ് കെട്ടിടത്തിനുള്ള വാടക ഇനത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രിസിറ്റി, ടെലഫോണ്‍ ചാര്‍ജ്, വാഹനം, മാധ്യമങ്ങളിലെ നോട്ടീഫിക്കേഷന്‍, ജീവനക്കാരുടെ വേതനം, ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ റീ ഇന്‍ഫോഴ്‌സ്‌മെന്‍റ് തുടങ്ങിയ വകയില്‍ 1.16 കോടി രൂപ ചിലവഴിച്ചുവെന്നും സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ശിവരാമന്‍ ഇതുവരെയും ശമ്പളമോ മറ്റ് ആനുകൂല്യമോ കൈപ്പറ്റിയിട്ടില്ല. 353 സിറ്റിങുകളാണ് കമ്മീഷന്‍ നടത്തിയത്.