പുറ്റിങ്ങല്‍ അപകടം: ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ലൈസന്‍സില്ലാതെ വെടിക്കെട്ട് നടത്തുന്നത് തടയാന്‍ ഇരു വിഭാഗവും നടപടി എടുത്തില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് വഴിവെച്ചത് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഗുരുതര വീഴ്ചയാണെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ലൈസന്‍സില്ലാതെ വെടിക്കെട്ട് നടത്തുന്നത് തടയാന്‍ ഇരു വിഭാഗവും നടപടി എടുത്തില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ദുരന്തനിവാരണത്തിനുള്ള സജ്ജീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
സ്ഫോടകവസ്തു വിഭാഗം ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ എ കെ യാദവിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് പുറ്റിങ്ങല്‍ അപകടത്തെ കുറിച്ച് അന്വേഷിച്ചത്. സംഘാടകരായ ക്ഷേത്രഭരണ സമിതിയും ജില്ലാ ഭരണകൂടവും തമ്മില്‍ ഏകോപനം ഉണ്ടായില്ല, ലൈസന്‍സില്ലാതെ വെടിക്കെട്ട് നടത്തുന്നത് തടയാന്‍ സ്ഥലത്ത് ഉണ്ടായിരുന്ന തഹസില്‍ദാറും പൊലീസും നടപടി എടുത്തില്ല, വെടിക്കെട്ടിന് ലൈസന്‍സ് നിഷേധിച്ച കൊല്ലം എഡിഎമ്മിന്റെ തീരുമാനം വൈകി, വെടിക്കെട്ടിനോട് അനുബന്ധിച്ച് ദുരന്തനിവാരണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല തുടങ്ങിയ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് ചെറിയ അപകടങ്ങള്‍ ഉണ്ടായതോടെ വെടിക്കെട്ട് അവസാനിപ്പിക്കാന്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം സംബന്ധിച്ച് കൊല്ലം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരസ്പര വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത് വിവാദമായിരുന്നു. പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്.