വിവാദ ഭൂമി ഇടപാട്: കോണ്‍ഗ്രസ്സില്‍ ആഭ്യന്തര തര്‍ക്കം തുടരുന്നു
കൂടുതല്‍ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന സുധീരന്റെ പ്രസ്താവനയും ആഭ്യന്തര തര്‍ക്കങ്ങള്‍ തുടരുമെന്ന സൂചനയാണ് നല്‍കുന്നത്
വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന് മറുപടിയുമായി ടി എന്‍ പ്രതാപനും രംഗത്തെത്തി.
മെത്രാന്‍ കായല്‍, കടമക്കുടി ഉത്തരവുകള്‍ പിന്‍വലിക്കുകയും കരുണ ഉത്തരവ് ഭേദഗതി ചെയ്തതിനും പിന്നാലെയാണ് സന്തോഷ് മാധവന്റെ കമ്പനിക്ക് ഇളവ് നല്‍കിയ ഉത്തരവ് റദ്ദാക്കിയത്. ഈ നടപടിക്ക് പിന്നാലെ അടൂര്‍ പ്രകാശ് ഫേസ‌്ബുക്കില്‍ നടത്തിയ പ്രതികരണം വിവാദം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
മറ്റ് വകുപ്പുകളുടെ ശിപാര്‍ശയോടെ എടുത്ത നടപടിക്കാണ് റവന്യൂ മന്ത്രി എന്ന നിലയില്‍ താന്‍ ആരോപണ വിധേയനാകുന്നതെന്ന് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാകുന്നതായും അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു.
ഉടനെ വന്നു ടി എന്‍ പ്രതാപന്റെ പ്രതികരണം ഫേസ്ബുക്കില്‍. ഭാവി തലമുറക്ക് കരുതിവെക്കേണ്ട ധനം കോടിശ്വരന്‍മാരുടെ മണികിലുക്കത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് കാണുമ്പോള്‍ ലജ്ജിച്ച് തലകുനിക്കാതെ വയ്യെന്നാണ് പ്രതാപന്റെ പ്രതികരണം. കടുവെട്ടിനും പകല്‍ക്കൊള്ളയ്ക്കും കൂട്ട് നിന്നിട്ട് സംശുദ്ധ പ്രകാശം പരത്താന്‍ ശ്രമിക്കുന്നവരുടെ തൊലിക്കട്ടി അപാരമാണ്. എത്ര വെള്ള പൂശാന്‍ ശ്രമിച്ചാലും പാപക്കറയില്‍ നിന്ന് പ്രകാശത്തിന് പുറത്തുകടക്കാന്‍ കഴിയില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്ന സുധീരന്റെ പ്രസ്താവനയും ആഭ്യന്തര തര്‍ക്കങ്ങള്‍ തുടരുമെന്ന സൂചനയാണ് നല്‍കുന്നത്