കേരളത്തിലേക്ക് ലഹരിയൊഴുകുന്നത് പാലക്കാടന്‍ ഇടനാഴിയിലൂടെ
എക്സൈസ് പരിശോധനക്ക് ആധുനിക സംവിധാനങ്ങളില്ല
കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലേക്കൊഴുകുന്ന പ്രധാന വഴിയാണ് പാലക്കാടന്‍ ഇടനാഴി. വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലൂടെയാണ് ലഹരിവസ്തുക്കള്‍ കേരളത്തിലേക്കെത്തുന്നത്. രണ്ടുമാസത്തിനിടെ എക്സൈസ് കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് പാലക്കാടു ജില്ലയിലാണ്.
വാളയാര്‍ ഉള്‍പ്പെടെയുള്ള ഈ വഴികളിലൂടെയാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ ഒഴുകുന്നത് ഒഡീഷയിലും ആന്ധ്രയിലും കൃഷിചെയ്തുണ്ടാക്കുന്ന ലഹരി വസ്തുക്കള്‍ തമിഴ്നാട്ടിലെത്തിച്ചാണ് ഇതുവഴി കേരളത്തിലേക്ക് കടത്തുന്നത്.
രണ്ടുമാസത്തിനിടെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളില്‍ നിന്നായി നൂറിലേറെ കേസുകളാണ് എക്സൈസ് സംഘം രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം മാത്രം 147 കിലോ കഞ്ചാവ് എക്സൈസ് സംഘം നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തു. 80 പേരെയാണ് ഈ വര്‍ഷം എക്സൈസ് സംഘം പിടികൂടിയത്. ഇതില്‍ 65 പേര്‍ ജാമ്യമെടുത്ത് പുറത്തിറങ്ങി. പരമ്പരഗാത രീതിയിലാണിപ്പോഴും ഈ മേഖലയിലെ എക്സൈസ് പരിശോധന. സ‍്‍കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളോ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൌകര്യങ്ങളോ ചെക്പോസ്റ്റുകളില്ല.
ശാസ്ത്രീയ സംവിധാനങ്ങളും അഴിമതി മുക്തരായ ഉദ്യോഗസ്ഥരുമുണ്ടായാല്‍ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് തടയിടാനാകും.