സോഷ്യല്‍മീഡിയയില്‍ പഞ്ച് ഡയലോഗുകളുമായി 'വിഎസ് വസന്തം'
പ്രസംഗത്തിലേതു പോലെയുള്ള പഞ്ച് ഡയലോഗുകളാണ് വിഎസിന്റെ ഫേസ്ബുക്ക് പേജിനേയും ജനകീയമാക്കിയത്. ഫേസ്ബുക്ക് പേജ് ആരംഭിച്ച് 15 ദിവസത്തിനകം 1.50 ലക്ഷത്തിനോട് അടുപ്പിച്ച് ലൈക്കുകള്‍ വിഎസിന്റെ ഔദ്യോഗിക പേജിന് ലഭിച്ചു
നവമാധ്യമങ്ങളില്‍ ഏറ്റവും ഒടുവിലായി വരവറിയിച്ച പ്രമുഖ രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍. വരവ് വൈകിയെങ്കിലും വിഎസിന്റെ സ്വീകാര്യതയും ജനപിന്തുണയും തെളിയിക്കുന്നതാണ് സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത.
ഏപ്രില്‍ 14 മുതലാണ് വിഎസ് അച്യുതാനന്ദന്റെ സ്വന്തം ഫേസ്ബുക്ക് പേജ് ഒഫീഷ്യല്‍ വിഎസില്‍ അപ്‌ഡേഷനുകള്‍ വന്നു തുടങ്ങിയത്. വിഎസിന്റെ നവമാധ്യമപ്രവേശം ഏപ്രില്‍ 17ന് കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ട്വിറ്റര്‍, ജി പ്ലസ് അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് വെബ്‌സൈറ്റും ഇതിനൊപ്പം ആരംഭിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആള്‍തിരക്കുള്ള ഫേസ്ബുക്കാണ് വിഎസിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്.
ഫേസ്ബുക്ക് പേജ് ആരംഭിച്ച് 15 ദിവസത്തിനകം 1.50 ലക്ഷത്തിനോട് അടുപ്പിച്ച് ലൈക്കുകള്‍ വിഎസിന്റെ ഔദ്യോഗിക പേജിന് ലഭിച്ചു. പ്രസംഗത്തിലേതു പോലെയുള്ള പഞ്ച് ഡയലോഗുകളാണ് വിഎസിന്റെ ഫേസ്ബുക്ക് പേജിനേയും ജനകീയമാക്കിയത്. ഏപ്രില്‍ 19ന് സ്മാര്‍ട്ട് സിറ്റിയേയും ഐടിയേയും കുറിച്ചെഴുതിയ കുറിപ്പിന്റെ തലക്കെട്ട് 'ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്' എന്നായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകളായി. വിഎസിന് പാര്‍ട്ടി വിരുദ്ധ മാനസിക നിലയുണ്ടെന്ന പരാമര്‍ശമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം നിലനില്‍ക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായപ്പോള്‍ വിഎസ് മറുപടി നല്‍കിയത് ഫേസ്ബുക്ക് വഴിയായിരുന്നു. മാധ്യമങ്ങളോട് സൂക്ഷിച്ചുവേണം ഇടപെടാന്‍ എന്ന ഉപദേശമാണ് വിഎസ് പിണറായിയുടെ പേര് പ്രത്യേകം എടുത്തു പറയാതെ നല്‍കിയത്.
വിഎസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ചില ഹിറ്റ് ഡയലോഗുകള്‍
യു.ഡി.എഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയിലെ ഒരു സഹായി മാത്രമാണ് വി.എം. സുധീരന്‍. ആദര്‍ശത്തിന്റെ പൊയ്മുഖം അണിഞ്ഞ് അദ്ദേഹം കാണികളെ കുടുകുടാ ചിരിപ്പിക്കുന്നു!
ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കണം, എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമില്ല. ഈ ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്റെ ആകെ അന്തസ്സത്തയാണ്. ഉമ്മന്‍ ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ല!!!
ഇത് കേരളമാണ്. ശ്രീനാരായണ ദര്‍ശനങ്ങളും നവോത്ഥാന മൂല്യങ്ങളും ഉഴുതുമറിച്ച മണ്ണ്. 'ഇവിടെത്തെ കാറ്റാണ് കാറ്റ്'. മത സാഹോദര്യത്തിന്റെ കാറ്റ്. ഇവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദത്തെ തച്ചുതകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല.
ഉമ്മന്‍ ചാണ്ടിയും കുമ്മനവും നടേശനും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഇവിടെ കച്ചവടം ചെയ്യാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ മനഃസാക്ഷിയെയും അഭിമാനത്തെയും ആണ്. ഇവ രണ്ടും ചാക്കിലാക്കി കള്ളകച്ചവടം നടത്താന്‍ നിങ്ങള്‍ക്കാവില്ല.
മുഖ്യമന്ത്രിയും കൂട്ടരും നടത്തിയിട്ടുള്ള എല്ലാ കൊള്ളരുതായ്മകളും ഞാന്‍ പുറത്ത് കൊണ്ട് വരും. അതിന് തടയിടാന്‍ വേണ്ടി എന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടി താങ്കള്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
ഫേസ്ബുക്കിനൊപ്പം വിഎസിന്റെ ട്വീറ്റുകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വെറും ഒരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' ഈ വരികള്‍ പാടിക്കൊണ്ട് ഉമ്മന്‍ചാണ്ടി എനിക്കെതിരെ ഇന്ന് കോടതിയില്‍!!! എന്ന വിഎസിന്റെ ട്വീറ്റാണ് ഒടുവിലായി സോഷ്യല്‍മീഡിയയില്‍ പറന്നു നടക്കുന്നത്.