നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല
കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. അങ്കമാലി മജിസ്ടേറ്റ് കോടതിയിലെ നടപടി പൂര്‍ത്തിയാക്കിയാണ് വിചാരണ മാറ്റിയത്. എന്നാല്‍ കേസില്‍ പ്രധാന തെളിവായ നടിയെ അക്രമിച്ച പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദ്യശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്‍റെ അപേക്ഷ കോടതി തള്ളി. ഇരയുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ടെന്നും ദ്യശ്യങ്ങള്‍ പ്രചരിപ്പിക്കപെടാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു.കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ കുറ്റസമ്മതമൊഴി ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വോഷണ സംഘം ദിലീപിന് കൈമാറിയിട്ടുണ്ട്.
കൂടാതെ ആക്രമണ ദിവസം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവിയുടെ ആറ് ദ്യശ്യങ്ങളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ദിലീപീന് കൈമാറി. അങ്കമാലി കോടതിയിലെ നടപടികള്‍ പൂര്‍ത്തികരിച്ചതിനാല്‍ കേസിന്‍റെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്നും ആവശ്യപ്പെട്ട് പോലിസ് ഹൈക്കോടതിയെ സമീപിക്കും. ദ്യശ്യങ്ങള്‍ നല്‍കണമെന്ന തന്‍റെ ആവശ്യം നിരസിച്ച കീഴ് കോടതി ഉത്തരവിനെതിരെ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കും. ഇതിനിടെ കാശുള്ളവര്‍ മാത്രം രക്ഷപെടുന്നുവെന്നും ഇപ്പോള്‍ താന്‍ മാത്രമായി പ്രതിയെന്നും ഓന്നാം പ്രതി പള്‍സര്‍ സുനി പ്രതികരിച്ചു.