പട്ടികജാതി ക്ഷേമസമിതി നേതാവ് ഗോവിന്ദാപുരം കോളനി സന്ദര്‍ശിച്ചു
ഗോവിന്ദാപുരത്തെ ചായക്കടകളില്‍ രണ്ട് തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു
അയിത്താചരണം നിലനില്‍ക്കുന്നുവെന്ന് പരാതിയുള്ള ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പട്ടികജാതി ക്ഷേമസമിതി നേതാവ് കെ. സോമപ്രസാദ് എംപി സന്ദര്‍ശനം നടത്തി. അംബേദ്കര്‍ കോളനിയില്‍ അയിത്താചരണം നിലനില്‍ക്കുന്നില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം കെ. സോമപ്രസാദ് എംപി മീഡിയവണിനോട് പറഞ്ഞു. ഗോവിന്ദാപുരത്തെ ചായക്കടകളില്‍ രണ്ട് തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സിപിഎം നേതാക്കളോടും ജാതിവിവേചനം കാണിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുള്ള ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് രാധാകൃഷ്ണനോടുമൊപ്പമാണ് കെ. സോമപ്രസാദ് എംപി കോളനിയിലെത്തിയത്. എന്നാല്‍, സോമപ്രസാദിന്റെ അന്വേഷണങ്ങളോട് സഹകരിക്കാന്‍ ചക്ലിയര്‍ തയ്യാറായില്ല. ജാതിവിവേചനം നടമാടുന്നുവെന്ന് പരാതിയുളള ചായക്കടയും ബാര്‍ബര്‍ ഷോപ്പും കുടിവെള്ള ടാങ്കുകളും എംപി സന്ദര്‍ശിച്ചു.
വിടി ബല്‍റാം എംഎല്‍എ മിശ്രോഭോജനത്തില്‍ പങ്കെടുത്തപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പോലും സഹകരിക്കാതിരുന്നത് കോളനിയില്‍ ജാതിവിവേചനമില്ലെന്നതിന് തെളിവാണെന്നും സോമപ്രസാദ് പറഞ്ഞു.