ഇറോം ശര്‍മിള അട്ടപ്പാടിയിലെത്തി
രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇറോം ശര്‍മിള നേരെ അട്ടപ്പാടിയിലേക്കാണ് പോയത്.
മണിപ്പൂരില്‍ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം നയിച്ച ഇറോം ശര്‍മിള കേരളത്തിലെത്തി. ആദ്യമായാണ് ഇറോം ഒരു തെന്നിന്ത്യന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ഒരു മാസത്തെ വിശ്രമ ജീവിതത്തിനായി അവര്‍ തെരഞ്ഞെടുത്തത് അട്ടപ്പാടിയാണ്.
രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇറോം ശര്‍മിള നേരെ അട്ടപ്പാടിയിലേക്കാണ് പോയത്. ബിജെപിയുടെ മണിപ്പൂരിലെ ജയം പണത്തിന്‍റെയും മസില്‍ പവറിന്‍റെയും ഫലമാണെന്ന് ഇറോം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇറോമിനെ ജനങ്ങള്‍ കൈവിട്ടതെന്തെന്ന ചോദ്യത്തിന് ജനങ്ങളും താനും ഇനിയും ഉണരാനുണ്ടെന്നായിരുന്നു പ്രതികരണം.
മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനെതിരെ മല്‍സരിച്ച ഇറോമിന് 90 വോട്ട് മാത്രമാണ് ലഭിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അട്ടപ്പാടിയില്‍ സാമൂഹ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍റെ കീഴിലുള്ള ശാന്തിഗ്രാമത്തിലായിരിക്കും ഇറോം കഴിയുക. മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മാടാലയുടെ അതിഥിയായാണ് ഇറോം കേരളത്തിലെത്തിയത്. ആനക്കട്ടിയില്‍ ഡിവൈഎഫ്ഐയും ജില്ലാ പഞ്ചായത്തും ഇറോമിനെ സ്വീകരിച്ചു.