മഞ്ചേരി അമൃത സ്കൂളില്‍ ആര്‍.എസ്.എസ് ക്യാമ്പ്; അന്വേഷണം നടത്തിയ വില്ലേജ് ഓഫീസര്‍ക്ക് വധഭീഷണി
സ്‌കൂള്‍ കെട്ടിടങ്ങളും ക്യാമ്പസും വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് മഞ്ചേരി അമൃത വിദ്യാപീഠത്തില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടന്നത്
മഞ്ചേരി അമൃതവിദ്യാലയത്തില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ വില്ലേജ് ഓഫീസറെ ആര്‍.എസ്.എസ് നേതാക്കള്‍ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തി. മലപ്പുറം നറുകര വില്ലേജ് ഓഫീസര്‍ വിന്‍സെന്‍റിനെയാണ് ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് ശരതും സംഘവും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വില്ലേജ് ഓഫീസര്‍ മഞ്ചേരി പോലീസില്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലീസ് ആദ്യം വിസമ്മതിച്ചതായും ആക്ഷേപമുണ്ട്.
സ്‌കൂള്‍ കെട്ടിടങ്ങളും കാംപസും വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് മഞ്ചേരി അമൃത വിദ്യാപീഠത്തില്‍ ആര്‍.എസ്.എസ് ക്യാമ്പ് നടന്നത്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് നറുകര വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. സ്കൂള്‍ മാനേജരില്‍ നിന്നും വില്ലേജ് ഓഫീസര്‍ വിശദീകരണം തേടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശരത് അടക്കമുള്ളവര്‍ വില്ലേജ് ഓഫീസിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.
ശരതിനെതിരെയുള്ള പരാതി മഞ്ചേരി പോലീസ് സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ചതായി പരാതിയുണ്ട്. ശരത് അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ വധഭീഷണി മുഴക്കിയതായി ജില്ലാ കളക്ടര്‍ക്ക് വില്ലേജ് ഓഫീസര‍്‍ വിന്‍സെന്‍റ് പരാതിനല്‍കിയിട്ടുണ്ട്.