ബാര്‍ കോഴ കേസ്: വിജിലന്‍സ് ലക്ഷ്യമിടുന്നത് സമഗ്ര അന്വേഷണം
കെ എം മാണിക്ക് പുറമെ മുന്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണവും പരിശോധിക്കും.
ബാര്‍ കോഴ കേസില്‍ രണ്ടാം തുടരന്വേഷണത്തിനുള്ള കോടതി ഉത്തരവോടെ വിജിലന്‍സ് ലക്ഷ്യമിടുന്നത് കേസില്‍ സമഗ്രമായ അന്വേഷണമായിരിക്കും. കെ എം മാണിക്ക് പുറമെ മുന്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണവും പരിശോധിക്കും. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബാറുടമകളുടെ നിലപാടും നിര്‍ണ്ണായകമാണ്.
പഴുതുകളടച്ചുള്ള അന്വേഷണം നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണ ഉദ്യോഗസ്ഥനായ നജ്മല്‍ ഹസന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ബാറുടമകളില്‍നിന്ന് കെ എം മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബാര്‍ കോഴയില്‍ കെ എം മാണിക്കെതിരെ നേരിട്ടുള്ള തെളിവുകളേക്കാള്‍ സാഹചര്യ തെളിവുകളാണ് വിജിലന്‍സിന് നേരത്തെ ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ബാറുടമകളുടെ നിലപാട് കേസില്‍ നിര്‍ണ്ണായകമാണ്. ബിജു രമേശ് ഉള്‍പ്പെടെയുള്ള ചുരുക്കം ചില ബാറുടമകള്‍ മാത്രമാണ് കോഴ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുള്ളൂവെന്നതാണ് വിജിലന്‍സ് നേരിടുന്ന വെല്ലുവിളി. പക്ഷെ രണ്ടാം തുടരന്വേഷണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.
പ്രത്യക്ഷത്തില്‍ കെ എം മാണിക്കെതിരെയാണ് അന്വേഷണമെങ്കിലും ആരോപണവിധേയരായ കെ ബാബു, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവരും അന്വേഷണ പരിധിയില്‍ വരും. വിജിലന്‍സ് വീണ്ടും അന്വേഷണം ആരംഭിക്കുമ്പോള്‍ രാഷ്ട്രീയ സാഹചര്യം മാറിയെന്നതും നിര്‍ണ്ണായകമാണ്.