വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് കിടപ്പാടം നഷ്ടമായില്ല ; സഹായമായത് ലുലു ഗ്രൂപ്പ്
മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് വേലായുധന്റെ പേരിുണ്ടായിരുന്ന വായ്പ കുടിശിക അടച്ചു തീര്‍ത്ത് വീടിന്‍റെ ആധാരം ബാങ്കില്‍ നിന്നും വീണ്ടെടുത്തു നല്‍കി
നഷ്ടപ്പെട്ട വീട് തിരിച്ചുലഭിച്ച സന്തോഷത്തിലാണ് മലപ്പുറം കൊളപ്പുറം സ്വദേശി വേലായുധനും കുടുംബവും. മലപ്പുറം ജില്ല സഹകരണ ബാങ്ക് ജപ്തി ചെയ്ത വീട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഈ കുടുംബത്തിന് തിരിച്ചു നല്‍കിയത്. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് യൂസഫലി പ്രശ്നത്തില്‍ ഇടപെട്ടത്.
മലപ്പുറം ജില്ല സഹകരണ ബാങ്കിന്റെ വേങ്ങര ശാഖയില്‍നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്ത വേലായുധന് കൂട്ടുപലിശയടക്കം രണ്ട് ലക്ഷത്തി എഴുപതിനായിരത്തിലധികം രൂപ തിരിച്ചടയ്ക്കേണ്ടതുണ്ടായിരുന്നു. ഭാര്യയുടെയും അമ്മയുടെയും അസുഖങ്ങള്‍ മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ വീടിന്റെ കക്കൂസ് ഉള്‍പ്പെടെ ഉളളവ ബാങ്ക് ജപ്തി ചെയ്തു. കിടക്കാന്‍ ഒരിടമില്ലാതെ പ്രയാസപെടുന്ന ദളിത് കുടുംബത്തിന്റെ വാര്‍ത്ത മീഡിയവണ്ണാണ് പുറത്തു വിട്ടത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വേലായുധന്‍ ബാങ്കില്‍ അടക്കാനുളള മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. ഇനി ഒരുരാത്രി ഈ കുടുംബം തിണ്ണയില്‍ ഉറങ്ങരുതെന്ന് ഉറപ്പിച്ച യൂസഫലിയുടെ മ.പ ത്തുവര്‍ഷം ബാങ്കില്‍ ഉണ്ടായിരുന്ന ആധാരം തിരിച്ചുകിട്ടിയ സന്തോഷവും, നഷ്ടപ്പെട്ടെന്നുറപ്പിച്ച വീട് ലഭിച്ച സന്തോഷവും ഈ കുടുംബം പങ്ക് വെച്ചു
ബാങ്ക് വായ്പ തിരിച്ചടച്ചത് കൂടാതെ ഭാര്യയുടെ ചികിത്സ ചെലവിലേക്കായി 25,000 രൂപയും സംഘം കൈമാറി. എം.എ യൂസഫലിയുടെ സെക്രട്ടറി ഹാരിസ്, ലുലുഗ്രൂപ്പ് മാനേജന്‍ പീതാംബരന്‍, മീഡിയകോഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ നേരിട്ടെത്തിയാണ് രേഖകള്‍ കൈമാറിയത്.