കൊല്ലത്ത് ഫാര്‍മസി കോഴ്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ്
ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമില്ലെന്നിരിക്കെ അധികം സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തിയാണ് മാനേജ്‌മെന്റ് ലക്ഷങ്ങള്‍ തട്ടിയത്.
കൊല്ലത്ത് ഫാര്‍മസി കോഴ്‌സിന്റെ പേരില്‍ സ്വകാര്യ കോളേജിന്റെ വന്‍ തട്ടിപ്പ്. ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമില്ലെന്നിരിക്കെ അധികം സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തിയാണ് മാനേജ്‌മെന്റ് ലക്ഷങ്ങള്‍ തട്ടിയത്. കോളേജിന്റെ നടപടിയെത്തുടര്‍ന്ന് 30 ലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്.
കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന ഫാത്തിമാ കോളേജ് ഓഫ് ഫാര്‍മസി എന്ന സ്ഥാപനമാണ് ഫാര്‍മസി കോഴ്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയത്. 118 സീറ്റുകളിലേക്ക് മാത്രം അഡ്മിഷന്‍ നടത്താമെന്നിരിക്കെ ഇവര്‍ 150 ഓളം സീറ്റുകളില്‍ ഈ അധ്യയന വര്‍ഷത്തില്‍ അഡ്മിഷന്‍ നടത്തി. 47000 രൂപ വാങ്ങിയായിരുന്നു അഡ്മിഷന്‍ നടപടി. പരീക്ഷയിലേക്ക് കടക്കവേയാണ് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് വിവരം അറിയുന്നത്. ഇതോടെ വലിയ പ്രതീക്ഷയുമായെത്തിയ 30 ലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുളടഞ്ഞത്.
കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഗുരുതരമായ വീഴ്ചയാണ് മാനേജ്‌മെന്റ് വരുത്തിയിരിക്കുന്നത്. നൂറ് കണക്കിന് കുട്ടികള്‍ പഠിക്കുന്ന കോളേജിനുള്ളില്‍ ആക്രിക്കട , കോഴി ഫാം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിമുറികള്‍ പോലും കോളേജിലില്ല. കോഴ്‌സിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തിയ മാനേജ്‌മെന്റ് അധികൃതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തി വരികയാണ്.