വേങ്ങരയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കി എല്‍ഡിഎഫ്
കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകൾ കെഎൻഎ ഖാദറിന് ലഭിക്കില്ലെന്ന ന്യായങ്ങൾ നേതൃത്വം ഉയർത്തുന്നുണ്ടെങ്കിലും വേങ്ങരയിലെ ഭൂരിപക്ഷ കുറവ് വരും ദിവസങ്ങളിൽ മുന്നണിക്കുളളിൽ വലിയ ചർച്ചയാകും...
യുഡിഎഫ് ജയിച്ചെങ്കിലും വേങ്ങര വിധിയെഴുത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് എൽഡിഎഫാണ്. ലീഗിന്‍റെ ഭൂരിപക്ഷം കുറക്കാനായത് ഭരണനേട്ടമായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. വിജയത്തിലും വോട്ട് ശതമാനം കുറഞ്ഞത് യുഡിഎഫിൽ പുതിയ വിവാദത്തിന് വഴിവെക്കും.
സോളാർ വിവാദത്തോടെ അമ്പേ പ്രതിരോധത്തിലായ യുഡിഎഫിന് പിടിച്ച് നിൽക്കാൻ വേങ്ങരയിൽ മികച്ച വിജയം അനിവാര്യമായിരുന്നു.എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഭൂരിപക്ഷത്തിലും വോട്ടിംഗിലും ഗണ്യമായ കുറവും നേരിട്ടു.പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന ആശ്വാസം മാത്രമാണ് വേങ്ങര ഫലം യുഡിഎഫ് നേതൃത്വത്തിന് നൽകുന്നത്.തിളക്കം കുറഞ്ഞ വിജയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട അവസ്ഥയും യുഡിഎഫിനു മുന്നിലുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകൾ കെഎൻഎ ഖാദറിന് ലഭിക്കില്ലെന്ന ന്യായങ്ങൾ നേതൃത്വം ഉയർത്തുന്നുണ്ടെങ്കിലും വേങ്ങരയിലെ ഭൂരിപക്ഷ കുറവ് വരും ദിവസങ്ങളിൽ മുന്നണിക്കുളളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് തെരഞ്ഞെടുപ്പ് ദിനം തന്നെ മുഖ്യമന്ത്രി സോളാർ അന്വേഷണ പ്രഖ്യാപനം നടത്തിയത്. ഇത് പൂർണ്ണവിജയത്തിലെത്തിയില്ലെങ്കിലും യുഡിഎഫ് കോട്ടായ വേങ്ങരയിൽ കടുത്ത പോരാട്ടം നടത്താനായതിനെ നേട്ടമായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ഭൂരിപക്ഷം കുറക്കാനായതും വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ചതും വിജയമായി തന്നെ ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന വാദവും ഇനിയവർക്ക് മുന്നോട്ട് വെക്കാം.
അതേ സമയം വേങ്ങര ഫലം ബിജെപിക്ക് നൽകുന്നത് കടുത്ത നിരാശയാണ്. ജനരക്ഷായാത്രയിലൂടെ കേരളം പിടിച്ചെടുക്കുമെന്ന ബിജെപി വാദത്തിന് വേങ്ങരയിൽ തന്നെ ആദ്യ തിരിച്ചടി കിട്ടി. ദേശീയ നേതാക്കൾ വരെ പ്രചാരണത്തിനെത്തിയിട്ടും വേങ്ങരയിൽ പാരമ്പര്യ വോട്ടുകൾ പോലും നേടാനാവാത്തത് പാർട്ടിക്കുളളിൽ പുതിയ വിവാദത്തിന് തിരികൊളുത്തും. ലോകസഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ വൻവോട്ട് ചോർച്ചയെ തുടർന്ന് സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിൽ നിന്ന് വിമർശം ഏൽക്കേണ്ടി വന്നിരുന്നു. വേങ്ങരയിലും വോട്ട് ചോർച്ചയുണ്ടായതോടെ നടപടി ഉണ്ടാകുമെന്ന ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.