അവയവദാനത്തിനെതിരെയുള്ള ശ്രീനിവാസന്റെ പ്രസ്താവനക്ക് മാത്യു അച്ചാടന്റെ മറുപടി

Update: 2018-05-28 02:32 GMT
അവയവദാനത്തിനെതിരെയുള്ള ശ്രീനിവാസന്റെ പ്രസ്താവനക്ക് മാത്യു അച്ചാടന്റെ മറുപടി
Advertising

ഫേസ്ബുക്കിലൂടെയാണ് മാത്യു രംഗത്തെത്തിയത്

അവയവ ദാനത്തിനെതിരെയുള്ള നടന്‍ ശ്രീനിവാസന്റെ പ്രസ്താവനക്ക് മറുപടിയുമായി ശസ്തക്രിയയിലൂടെ ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍. ഫേസ്ബുക്കിലൂടെയാണ് മാത്യു രംഗത്തെത്തിയത്. അവയവദാനം തട്ടിപ്പാണെന്നും സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബി എം ഹെഗ്ഡെ പറഞ്ഞിട്ടുണ്ട്. മരുന്ന് മാഫിയയാണ് ലോകം നിയന്ത്രിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഈയിടെ ഹെലികോപ്ടറില്‍ ഹൃദയം കൊണ്ട് വന്ന് ലിസി ആശുപത്രിയില്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഹൃദയം തുന്നിച്ചേര്‍ത്ത വാര്‍ത്ത വലിയ സംഭവമായിരുന്നു. ഹൃദയം സ്വീകരിച്ച ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ല. ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനമാണ് ഈ അവയവദാനമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ശ്രീനിവാസന്റെ ഈ പ്രസ്താവന ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് ശസ്തക്രിയക്ക് വിധേയനായ മാത്യു അച്ചാടന്‍ തന്നെ രംഗത്തെത്തിയത്. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണെന്നും മാത്യു പറയുന്നു.

മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ ശ്രീനിവാസൻ , അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവർത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ. 15 മാസം മുമ്പ് നടക്കാനോ നിൽക്കാനോ കഴിയാതെ ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും താങ്കളെ ഏറെ ബഹുമാനിക്കുന്ന ഞങ്ങൾ മലയാളികൾ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രധാന്യംകല്പിക്കുന്നുണ്ടെന്ന്മനസ്സിലാക്കുക. കാര്യങ്ങൾ
അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളിൽ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ....

Full View
Tags:    

Similar News