തനിക്കെതിരായ പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് പി കെ ഫിറോസ്

Update: 2018-05-28 20:45 GMT
Editor : admin
തനിക്കെതിരായ പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് പി കെ ഫിറോസ്
Advertising

സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന പാണക്കാട് തങ്ങളുടെ നിര്‍ദേശത്തിന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വഴങ്ങിയില്ല.

Full View

സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന പാണക്കാട് തങ്ങളുടെ നിര്‍ദേശത്തിന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വഴങ്ങിയില്ല. സമസ്തയുടെയും ലീഗിന്റെയും ഉന്നത നേതാക്കള്‍ പങ്കെടുത്ത മധ്യസ്ഥ യോഗത്തിലാണ് ഫേസ്ബുക്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ പികെ ഫിറോസിനോട് നിര്‍ദ്ദേശിച്ചത്.

അതിനിടെ മുസ്‌ലിം ലീഗിനെ സമസ്ത ഹൈജാക്ക് ചെയ്യുന്നുവെന്ന രീതിയില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം പ്രചാരണം തുടങ്ങി. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം, നബിദിനാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായി പികെ ഫിറോസ് നിലപാടെടുത്തിരുന്നു. ഫിറോസിന്റെ അഭിപ്രായങ്ങള്‍ പുരോഗമന നിലപാടുകളായാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും സമസ്ത കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നു. ഫിറോസിന് നിയമസഭാ സീറ്റ് നല്‍കരുതെന്ന് സമസ്ത ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഫിറോസിനോടും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്റഫലിയോടും സമസ്തക്കുള്ള എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ ലീഗിന് ദോഷമുണ്ടാക്കരുതെന്ന് കരുതി പാണക്കാട് ഹൈദരലി തങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടു.

സമസ്തയുടെയും ലീഗിന്റെയും ഉന്നത നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിലപാട് തിരുത്തി ഖേദം പ്രകടിപ്പിക്കാന്‍ പികെ ഫിറോസിനോട് പാണക്കാട് തങ്ങള്‍ നിര്‍ദേശിച്ചു. വീഴ്ചപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും ഖേദപ്രകടനം പ്രസിദ്ധീകരിക്കാന്‍ ഫിറോസ് തയ്യാറായില്ല. തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഫിറോസ് ഉറച്ചു നില്‍ക്കുകയാണ്. സമസ്തയുടെ എതിര്‍പ്പ് മൂലം നിയമസഭാ സീറ്റ് നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനി വഴങ്ങേണ്ടതില്ലെന്നാണ് ഫിറോസിന്റെ തീരുമാനം.

അതിനിടെ സമസ്തയുടെ അജണ്ടകള്‍ മുസ്‍ലിം ലീഗില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പ്രചാരണം പാര്‍ട്ടിയിലെ ഒരു വിഭാഗം ആരംഭിച്ചു. സമസ്തയുടെ ഇടപെടലുകളില്‍ അതൃപ്തിയുള്ള ചില മുജാഹിദ് നേതാക്കളെ പ്രശ്നത്തില്‍ ഇടപെടീക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ പിന്നീട് പാണക്കാട്‌ ചേർന്ന സമസ്ത-മുസ്‌ലിം ലീഗ്‌ ഉന്നത തല യോഗത്തിലെ തന്‍റെ ചില നിലപാടുകൾ അനവസരത്തിലുള്ളതും അനുചിതവുമാണെന്ന അഭിപ്രായം സമസ്തയുടെ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന കാണിച്ച് ഫെ.യ്സ് ബുക്ക് സ്റ്റാറ്റസുമായി പി കെ ഫിറോസ് രംഗത്തുവരികയായിരുന്നു. തന്‍റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ഗുണദോഷിക്കാനുമുള്ള അവകാശം ആലിമീങ്ങൾക്കും ഉസ്താദുമാർക്കും ഉണ്ട്‌ എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ.. സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിക്കുകയാണു ചെയ്തത്. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പി കെ ഫിറോസ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞു..

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News